Join News @ Iritty Whats App Group

‘ആരോഗ്യ മേഖലയിലെ പ്രതിസന്ധി, ഇടതു സർക്കാരിന്റെ ഭരണ തകർച്ചയുടെ നേർചിത്രം’: സണ്ണി ജോസഫ്

ആരോഗ്യ മേഖലയിലെ പ്രതിസന്ധി, ഇടതു സർക്കാരിന്റെ ഭരണ തകർച്ചയുടെ നേർചിത്രമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്നത് ഒരു സർക്കാർ ആശുപത്രിയിലെ മാത്രം കാര്യമല്ല. ഡോ. ഹാരിസ് പരാതി അറിയിച്ചിട്ടും പരിഹാരം കാണാൻ കഴിയാത്തത് ഗുരുതരം. വിവാദമായപ്പോൾ സമഗ്രമായി അന്വേഷിക്കും എന്നുള്ള ആരോഗ്യ മന്ത്രിയുടെ മറുപടി പരിഹാസ്യം.

ജനങ്ങളില്‍ പിരിച്ചെടുക്കുന്ന നികുതിപ്പണം ആര്‍ഭാടത്തിനും ധൂര്‍ത്തിനും മുഖ്യമന്ത്രിയും മന്ത്രിമാരും ചെവഴിക്കുന്നത് കൊണ്ടാണ് ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയത്. വിവിധ വകുപ്പുകളിലേക്കുള്ള സര്‍ക്കാര്‍ വിഹിതം വെട്ടിക്കുറയ്ക്കുയോ സാമ്പത്തിക സഹായം നല്‍കാത്തതോ കൊണ്ട് എല്ലാ മേഖലയിലും പ്രതിസന്ധി നേരിടുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

സൂപ്രണ്ട് മുതല്‍ മന്ത്രിതലം വരെയുള്ള ബന്ധപ്പെട്ടവരെ ഉപകരണക്ഷാമത്തെ കുറിച്ച് ഡോ. ഹാരീസ് അറിയിച്ചിട്ടും അതിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഇപ്പോള്‍ വിവാദമായപ്പോള്‍ സമഗ്രമായി അന്വേഷിക്കുമെന്നുള്ള ആരോഗ്യമന്ത്രിയുടെ മറുപടി പരിഹാസ്യമാണ്.സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയാത്ത ആരോഗ്യമന്ത്രി സംസ്ഥാനത്തിന് നാണക്കേടാണ്.

സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപ്രതികളോടുള്ള അവഗണനയും രോഗികളുടെ ജീവന്‍വെച്ച് കളിക്കുന്ന നടപടിയും സര്‍ക്കാര്‍ അവസാനിപ്പിക്കണം. ആരോഗ്യമേഖലയില്‍ വലിയ അവകാശവാദങ്ങള്‍ പി.ആര്‍ പ്രചരണത്തിനായി സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്. എന്നാലിതെല്ലാം പുറംപൂച്ഛാണെന്ന് തെളിയിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഇപ്പോള്‍ പുറത്തവരുന്നത്. ഇടതുപക്ഷ അനുഭാവിയായ ഡോ.ഹാരീസ് ഹസന് പോലും ആരോഗ്യമേഖയുടെ ശോചനീയാവസ്ഥ തുറന്ന് പറയേണ്ടി വന്നെങ്കില്‍ എത്രത്തോളം കുത്തഴിഞ്ഞ സംവിധാനമാണ് അവിടെത്തെതെന്ന് ഊഹിക്കാവുന്നതെയുള്ളുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടിന് സാധാരണ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.പ്രതിദിനം രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അത്യാവശ്യത്തിന് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അപര്യാപ്തതയുമുണ്ട്. കട്ടില്‍, ലാബ് എന്നീ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പലപ്പോഴും സാധാരണക്കാരന് അന്യമാണ്.

കൂടാതെ കാരുണ്യ പദ്ധതി,ശ്രുതിതരംഗം, ആരോഗ്യകിരണം ഉള്‍പ്പെടെ നിരവധി ക്ഷേമപദ്ധതികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കാത്തിനാല്‍ ഇവയുടെ നടത്തിപ്പ് തന്നെ അവതാളത്തിലാണ്. ഇത്തരം സാഹചര്യത്തില്‍ സാധാരണക്കാരന്‍ ജീവന്‍ രക്ഷിക്കാന്‍ ഉയര്‍ന്ന തുക നല്‍കി സ്വകാര്യ ആശുപത്രികളയോ സ്ഥാപനങ്ങളയോ ആശ്രയിക്കേണ്ട ഗതികേടാണ്. പിണറായി ഭരണത്തില്‍ കേരളത്തിന്റെ ആരോഗ്യമേഖല അന്ത്യശ്വാസം വലിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group