മലപ്പുറം: നിലമ്പൂർ ഉപതെരെത്തെടുപ്പ് യുഡിഎഫ് കൺവൻഷനിൽ പാണക്കാട് കുടുബത്തിൽ നിന്ന് ആരും പങ്കെടുത്തില്ല. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് പാണക്കാട് അബ്ബാസ് അലി തങ്ങളും യുഡിഎഫ് കൺവൻഷനിൽ ഉണ്ടായിരുന്നില്ല. അതേസമയം പികെ കുഞ്ഞാലിക്കുട്ടിയടക്കം മുസ്ലിം ലീഗ് നേതാക്കൾ കൺവൻഷനിൽ പങ്കെടുത്തിരുന്നു.
ഈ അസാന്നിധ്യം ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി യുഡിഎഫ് നേതൃത്വം രംഗത്ത് വന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും മുനവറലി ശിഹാബ് തങ്ങളും വിദേശത്താണെന്നും ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് അബ്ബാസ് അലി തങ്ങൾ തൃശൂരിലാണെന്നുമാണ് വിശദീകരണം.
നിലമ്പൂരിൽ പിവി അൻവറിനെ ഒപ്പം നിർത്താൻ മുസ്ലിം ലീഗ് കാര്യമായി ഇടപെട്ടിട്ടും നടക്കാതെ പോയതിൽ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടായെന്ന് വാർത്ത പുറത്തുവന്നിരുന്നു. ഇന്നലെ ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ വിമർശനം ഉയർന്നെന്ന റിപ്പോർട്ടുകളും പിന്നാലെ വന്നു. സതീശന്‍റേത് ഏകാധിപത്യ പ്രവണതയെന്നും പിവി അൻവര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്നും മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസിൽ നിന്നുണ്ടാകുന്നതെന്നും വിമർശനം ഉയർന്നെന്നായിരുന്നു പുറത്തുവന്നത്. ഇങ്ങനെ പോയാൽ പാര്‍ട്ടിക്ക് വെറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തിൽ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇതെല്ലാം ലീഗ് നേതൃത്വം നിഷേധിച്ചു. വ്യക്തികളെ കേന്ദ്രീകരിച്ച് ചർച്ച നടന്നില്ലെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
Post a Comment