Join News @ Iritty Whats App Group

ഭാരതാംബ ചിത്ര വിവാദം; വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവർണർ, 'ഏറ്റുമുട്ടലിനില്ല വഴങ്ങുകയുമില്ല'

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തില്‍ വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏറ്റുമുട്ടലിന് ഇല്ലെന്നാണ് ഞാൻ വന്നപ്പോൾ പറഞ്ഞത്, അതിനർത്ഥം വഴങ്ങും എന്നല്ലെന്നും ഗവർണർ കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ പറഞ്ഞു. ആരേയും ലക്ഷ്യമിടാനില്ല. ഈ അടിയന്തരാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടുത്ത പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിലെത്തിയത്. അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാർ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവർണർ പരിപാടിക്കെത്തുകയായിരുന്നു. വേദിക്ക് പുറത്ത് ഇടത്- കെഎസ്‌യു പ്രവർത്തകരും പ്രതിഷേധിച്ചത് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധത്തിനിടെ വേദിയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അടിയന്തരാവസ്ഥ കാലം ഓര്‍മിപ്പിച്ച് കൊണ്ടാണ് തന്‍റെ പ്രസംഗം ആരംഭിച്ചത്. 50 വർഷം മുമ്പ് ജനാധിപത്യത്തിനുണ്ടായ മുറിവാണ് അടിയന്തരാവസ്ഥ. ജനാധിപത്യത്തിലെ കറുത്ത ചരിത്രമായിരുന്നു അത്. ജനാധിപത്യം ഇന്ത്യക്കാര്‍ പൊരുതി നേടിയതാണെന്നും ഗവര്‍ണര്‍ പ്രസംഗത്തിനിടെ പറഞ്ഞു.

അടിയന്തരാവസ്ഥ കാലം ആർക്കും ഓർമിക്കാൻ താല്പര്യമില്ല. അക്കാലത്ത് ഞാനും അച്ഛനും ജയിലിൽ ആയിരുന്നുവെന്നും രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. അടിയന്തരാവസ്ഥ ഇന്ദിര ഗാന്ധിയുടെ ക്രൂരതയായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് മരണം വരെ ഇരിക്കാനുള്ള ശ്രമമായിരുന്നു ഇന്ദിര ഗാന്ധിയുടേത്. അഴിമതിക്കാണ് ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയത്. ജനസംഘം പ്രവർത്തകരെ കൂട്ടമായി ജയിലിൽ ഇട്ടു. ജനസംഘം പ്രവർത്തകരെ ഭീഷണിയായാണ് ഇന്ദിര ഗാന്ധി കണ്ടത്. അമ്മയും മകനും ചേർന്ന് രാജ്യം ഭരിക്കുകയായിരുന്നു. ജനസംഘത്തിനും ആർഎസ്എസിനും മാത്രമെ അടിയന്തരാവസ്ഥയിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനാവൂ എന്ന് ജയപ്രകാശ് നാരായണൻ വിശ്വസിച്ചു. ആർഎസ്എസുകാരാണ് യഥാർത്ഥ ദേശീയവാദികൾ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സിപിഎമ്മും ജനസംഘവും അക്കാലത്ത് ഒന്നിച്ച് മത്സരിച്ചെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

ഇന്നിപ്പോൾ കേരളത്തിലെ ചിത്രം തീർത്തും വ്യത്യസ്തമാണ്. അടിയന്തരാവസ്ഥയെ നേരിടാൻ സിപിഎമ്മും ആർഎസ്എസും ഒന്നിച്ച് നിന്നെന്നും രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് സിപിഎം പ്രവർത്തകരേയും ക്രൂരമായി വേട്ടയാടി. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തരാവസ്ഥയുടെ ഇരയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group