ടെഹ്റാൻ: ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ട ഇറാന്‍റെ ഐ.ആർ.ജി.സിയുടെ ഖുദ്സ് വിഭാഗം കമാൻഡർ ഇസ്മാഈല്‍ ഖാനി തെഹ്റാനില്‍ യുദ്ധവിജയാഘോഷത്തില്‍ പങ്കെടുത്തു.
ഖാനി തങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍, തെഹ്റാനിലെ വിജയാഘോഷത്തില്‍ ഖാനി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ഇറാനിലെ മെഹർ വാർത്ത ഏജൻസി പുറത്തുവിട്ടു.
'ഓപറേഷൻ റൈസിങ് ലയണ്‍' എന്ന പേരില്‍ ഇസ്രായേല്‍ ജൂണ്‍ 13ന് ആരംഭിച്ച യുദ്ധത്തിന്‍റെ ആദ്യഘട്ടത്തിലാണ് ഖുദ്സ് സേനയുടെ തലവനായ ഇസ്മാഈല്‍ ഖാനിയെ വധിച്ചതായി അവകാശപ്പെട്ടത്. എന്നാല്‍, പിന്നീട് ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇസ്രായേല്‍ നല്‍കിയിരുന്നില്ല. ജൂണ്‍ 13ന് നടത്തിയ വ്യോമാക്രമണത്തിലാണ് ഖാനി കൊല്ലപ്പെട്ടതെന്ന് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍, ഖാനിയുടെ 'മരണം' സംബന്ധിച്ച് ഇറാൻ ഇസ്രായേലിനെ കബളിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകള്‍.
ഇതാദ്യമായല്ല ഇസ്മാഈല്‍ ഖാനി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍ വരുന്നത്. 2024 ഒക്ടോബറില്‍ ബൈറൂത്തിലുണ്ടായ ആക്രമണത്തില്‍ ഖാനി കൊല്ലപ്പെട്ടതായി വ്യാപകമായി പ്രചരിച്ചിരുന്നു. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ലയെ ഇസ്രായേല്‍ വധിച്ച സംഘർഷ സാഹചര്യത്തിലായിരുന്നു ഇത്. ഏറെക്കാലത്തിന് ശേഷം ഖാനി വീണ്ടും പൊതുമധ്യത്തിലെത്തുകയായിരുന്നു.
ഇസ്മാഈല്‍ ഖാനി
ഇറാനിലെ ശക്തനായ സൈനിക മേധാവിയാണ് ഖാനി. 2020 ജനുവരി മൂന്നിന് ഇറാന്റെ ഉന്നത സൈനിക കമാൻഡർ ജനറല്‍ ഖാസിം സുലൈമാനി ബഗ്ദാദില്‍ യു.എസ് ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ജനറല്‍ ഇസ്മായില്‍ ഖാനി പിൻഗാമിയായി ചുമതലയേറ്റത്.
അതേസമയം, ഇസ്രായേലും ഇറാനും വെടിനിർത്തല്‍ ധാരണയിലെത്തിയതോടെ പശ്ചിമേഷ്യയില്‍ 12 ദിവസമായി തുടർന്നുവന്ന യുദ്ധത്തിന് അവസാനമായിരിക്കുകയാണ്. ഇന്നലെ വെടിനിർത്തലിന് ശേഷവും ഇരുവിഭാഗവും ആക്രമണം നടത്തിയതില്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ന് ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രംപിന്‍റെ നിർദേശത്തെ തുടർന്ന് ഇറാനെതിരെ കൂടുതല്‍ ആക്രമണം ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. ഇസ്രായേല്‍ ഇങ്ങോട്ട് ആക്രമിച്ചാലേ തിരിച്ചടിക്കൂവെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു.
Post a Comment