മലപ്പുറം: ഇസ്രായേൽ ഇറാൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനെ പിന്തുണച്ചും ഗാസയിലെ ദുരവസ്ഥയും പറഞ്ഞ് മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ്. ഇസ്രായേലിന്റെ ബൂട്ടുകൾക്കിടയിൽ നീതി കാട്ടുനീതിയാകുന്നുവെന്നും ഗാസ തടങ്കൽ പാളയമായിരിക്കുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.
ഞെരുക്കുമ്പോഴും പോർ മുഖത്ത് ഭീരുക്കളാവാത്തതിനും, ചെറുത്തുനിൽക്കാൻ ധൈര്യപ്പെട്ടതിനും ഇറാൻ കുറ്റപ്പെടുത്തപ്പെടുന്നു. ലോകം ഉണരുമോ അതോ, നിരപരാധികളുടെ രക്തത്തിൽ പങ്കാളിയാകുമോ എന്ന ചോദ്യമുയര്‍ത്തിയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.
കുറിപ്പിങ്ങനെ..
ഇസ്രായേലിന്റെ ബൂട്ടുകൾക്കടിയിൽ നീതി കാട്ടുനീതിയാവുന്നു.അധിനിവേശം ഭയത്തിന്റെ ഭാഷയിൽ പൊതിഞ്ഞിരിക്കുന്നു.
ഗാസ തടങ്കൽ പാളയമായിരിക്കുന്നു.ഒരു സ്വപ്ന ദൈർഘ്യം പോലുമനുവദിക്കാതെ ഫലസ്തീനിൻ്റെ കുഞ്ഞുങ്ങളെ ഫൈറ്റർ ജെറ്റുകളും ഫൈറ്റിംഗ് ഫാൽക്കൺസും ഹെറൺ ഡ്രോണുകളും ക്രൂരമായി വംശഹത്യ ചെയ്യുന്നു.</p><p>മിസൈലുകൾ പറക്കുന്നത് ഒരിക്കലും സമാധാനത്തിലേക്കല്ല.
കവർന്നെടുത്ത ഭൂമിക്കു മുകളിലെ മയ്യിത്തുകൾ കണ്ട് ആകാശം പോലും മിഴി വാർക്കുന്നു.വംശ/വർണ്ണവിവേചനത്തിന്റെ കാട്ടുനീതിയിൽ മനുഷ്യവകാശങ്ങൾ ചാരമാവുന്നു.
സയണിസം സത്യത്തെ ആക്രമിക്കുന്നു.ഓരോ ബോംബും നിശബ്ദമാക്കിയ ഒരു പ്രാർത്ഥനയെ മറയ്ക്കുന്നു.
ഇറാൻ കുറ്റപ്പെടുത്തപ്പെടുന്നു.ചെറുത്ത് നിൽക്കാൻ ധൈര്യപ്പെട്ടതിന്.ഞെക്കി ഞെരുക്കുമ്പോഴും പോർ മുഖത്ത് ഭീരുക്കളാവാത്തതിന്.
ലോകം ഉണരുമോ, അതോ നിശബ്ദത കൊണ്ട് ഈ നിരപരാധികളുടെ രക്തത്തിലെ പങ്കാളിയാവുമോ...സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
Post a Comment