Join News @ Iritty Whats App Group

സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വയനാട് സ്വദേശിനി, ടെലഗ്രാമിലെ മെസേജ് വിശ്വസിച്ചു, പോയത് 13 ലക്ഷം; 'മോഡൽ' പിടിയിൽ

കൽപ്പറ്റ: വ്യാജ ട്രേഡിങ് വഴി ലാഭം വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശിയെ മുംബൈയിൽ നിന്ന് പിടികൂടി വയനാട് സൈബർ ക്രൈം പൊലീസ്. ഒഡിഷ സത്യഭാമപ്പൂർ ഗോതഗ്രാം സ്വദേശിയായ സുശീൽ കുമാർ ഫാരിഡ(31)യെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച്ച പിടികൂടിയത്. ടെലഗ്രാം വഴി സിനിമകളുടെ റിവ്യൂ നൽകി വരുമാനം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറിൽ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഒഡിഷ സ്വദേശി വലയിലായത്. 2024 മാർച്ച്‌ മാസത്തിലാണ് പരാതിക്കാരിയെ ടെലെഗ്രാം വഴി ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിങ് വഴി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പല ദിവസങ്ങളിലായി ഇയാൾ പണം തട്ടിയെടുത്തത്.

തട്ടിപ്പാണ് എന്ന് മനസ്സിലാക്കിയ പരാതിക്കാരി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് കേസ് അന്വേഷണം ഏറ്റെടുത്ത സൈബർ പൊലീസ് മാസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിൽ ചെന്നൈ സ്വദേശിയായ ഓട്ടോ ഡ്രൈവർ മുരുകൻ എന്നയാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒഡിഷക്കാരനായ സുശീൽ കുമാർ ചെന്നൈയിലെത്തി വ്യാജ കമ്പനിയുടെ പേരിൽ ചെറിയ തുകകൾ നൽകി ബാങ്ക് അക്കൌണ്ടുകൾ വാങ്ങി അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ മാറ്റിയും തട്ടിപ്പ് നടത്തിയതെന്ന സൂചന ലഭിച്ചത്.

തുടർന്ന് ഇയാൾ ഒഡീഷക്ക് തിരികെ പോയതായി മനസ്സിലാക്കിയ പൊലീസ് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. ഇയാൾ വീണ്ടും മുംബൈയിൽ എത്തിയതായി മനസ്സിലാക്കി കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെത്തി ആഡംബര ഫ്ലാറ്റുകൾ നിറഞ്ഞ റോയൽ പാം എസ്റ്റേറ്റ് എന്ന സ്ഥലത്ത് ഓ.ഡി 05എ എ 7999 നമ്പർ ആഡംബര കാറിൽ യാത്ര ചെയ്യവേയാണ് പ്രതി പിടിലായത്. കാറും കാറിലുണ്ടായിരുന്ന നാല് ഫോണുകൾ, സിം കാർഡുകൾ, അക്കൗണ്ട് ബുക്കുകൾ, ചെക്ക് ബുക്കുകൾ, എ.ടി.എം കാർഡുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. മുംബൈയിൽ മോഡലിംഗ് നടത്തി വരുന്ന പ്രതി ആഡംബര ജീവിതത്തിന് വേണ്ടിയാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ചിലവഴിച്ചിരുന്നത്.

തട്ടിപ്പ് നടത്തുന്നതിനായി ഇയാൾ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ എത്തി കടലാസ് കമ്പനികൾ ആരംഭിച്ചു. സാധാരണക്കാരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അത് വഴിയാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്റ്റോ കറിൻസിയായി മറ്റിയെടുക്കുന്നത്. പ്രതി ഉപയോഗിച്ച വാഹനത്തിന്റെ വിവരങ്ങൾ വയനാട് ആർ.ടി.ഒഫീസിലെ എംവിഐ പത്മലാലിൽ നിന്നും ലഭിച്ചത് അന്വേഷണത്തിൽ നിർണ്ണായകമായി. ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐ. എ.വി ജലീൽ, എ.എസ്.ഐമാരായ കെ റസാഖ്, പി.പി ഹാരിസ്, സിവിൽ പൊലീസ് ഓഫീസറായ സലാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post
Join Our Whats App Group