Join News @ Iritty Whats App Group

പെട്ടി വിവാദം: കോൺഗ്രസിനെതിരെ മന്ത്രി റിയാസും ടിപി രാമകൃഷ്ണനും; 'രാഷ്ട്രീയ വിഷയങ്ങളിൽ നിന്നുള്ള യുഡിഎഫിൻ്റെ ഒളിച്ചോട്ടം'

മലപ്പുറം: നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് സിപിഎം നേതാക്കൾ. നിലമ്പൂരിൽ വാഹന പരിശോധന വിവാദമാക്കുന്നത് രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് യുഡിഎഫിന് ഒളിച്ചോടാനാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. കോൺഗ്രസ് നേതാക്കളുടേത് അപക്വമായ നിലപാടാണെന്നും പരിശോധനയുമായി പാർട്ടികൾ സഹകരിക്കുകയാണ് വേണ്ടതെന്നും ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു.


യുഡിഎഫിന് വോട്ട് ചെയ്യുന്നവരിൽ പലരും മതരാഷ്ട്ര വാദത്തിന് എതിരാണെന്ന് റിയാസ് ചൂണ്ടിക്കാട്ടി. എം കെ മുനീർ എവിടെ? ജമാ അത്തെ ഇസ്ലാമിക്ക് നല്ല കുട്ടി സർട്ടിഫിക്കറ്റ് നൽകിയ വി ഡി സതീശൻ്റെ നിലപാടിൽ മുനീറിൻ്റെ മറുപടി എന്താണ്? പെൻഷൻ വാങ്ങുന്നവരെ മോശമാക്കി ചിത്രീകരിക്കുകയല്ലേ ചെയ്തത്? അതിൽ കുടിശ്ശിക വരുത്തിയത് ആരാണ് എന്ന് മനസ്സിലായില്ലേ? അപകടങ്ങളുടെ ആഘോഷക്കമ്മിറ്റിയാണ് പ്രതിപക്ഷം. പക്വമായ നിലപാട് പ്രതിപക്ഷം എടുക്കണം. കനഗോലു സിദ്ധാന്തമാണ് കോൺഗ്രസ് പിന്തുടരുന്നത്. അവർ എഴുതിക്കൊടുക്കുന്ന, തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇവർ പല പരിപാടികളും നടത്തുന്നത്. ബിജെപി ഉയർത്തുന്ന രാഷ്ട്രീയത്തെ വെള്ള പൂശാൻ അല്ലേ സതീശൻ്റെ ജമാ അത്തെ അനുകൂല നിലപാട്. കോൺഗ്രസിൻ്റെ അകത്തുള്ള ബിജെപി സ്ലീപ്പിങ് സെല്ലുകളാണ് ഇതിന് പിന്നിൽ. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം എല്ലാവർക്കും ബാധകമാണ്. താൻ ഔദ്യോഗിക വാഹനത്തിലല്ല പോയത്. ചട്ടം പാലിച്ചാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോയതെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group