വാഷിങ്ടണ്‍: യുഎസ് ആക്രമണത്തിൽ ഇറാന്‍റെ ആണവ പദ്ധതികൾ തകർന്നിട്ടില്ലെന്ന് പെന്‍റഗണ്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഇറാന്‍റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ആണവ കേന്ദ്രങ്ങൾക്ക് പുറമെ കേടുപാടുകൾ വന്നിട്ടുണ്ടെങ്കിലും ഭൂമിക്കടിയിലുള്ള ഭാഗം സുരക്ഷിതമാണെന്നാണ് അമേരിക്കയുടെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്.
സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടും ഇറാന്‍റെ ആണവോർജ പദ്ധതികൾ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല എന്നാണ്. നതാൻസ്, ഫോർദോ, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളിൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഇട്ടെങ്കിലും കവാടവും ഉപരിതലവും മാത്രമാണ് തകർന്നത്. ഭൂമിക്കടിയിലുള്ള യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങൾ സുരക്ഷിതമാണ്. ഇറാന് മുൻപത്തേത് പോലെ ആണവ പദ്ധതികളുമായി മുന്നോട്ടുപോകാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാന്‍റെ ആണവ പദ്ധതികൾ പൂർണമായി തകർന്നെന്നും ഫോർദോ ഇനിയില്ലെന്നുമാണ് യുഎസ് പ്രസിഡന്‍റ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇറാന് ആണവോർജ പദ്ധതികളുമായി മുന്നോട്ടുപോകാൻ കഴിയാത്ത വിധം അവർക്ക് പ്രഹരമേറ്റു എന്നാണ് ഇസ്രയേലും പറഞ്ഞിരുന്നത്. എന്നാൽ അമേരിക്കയുടെ രഹസ്യന്വേഷണ ഏജൻസി റിപ്പോർട്ട് ഈ അവകാശവാദങ്ങളെല്ലാം തള്ളുകയാണ്. എന്നാൽ വൈറ്റ്ഹൌസ് അമേരിക്കയുടെ രഹസ്യേന്വേഷണ റിപ്പോർട്ടിനെതിരെ രംഗത്തെത്തി. ട്രംപ് ഭരണകൂടത്തെ അപകീർത്തിപ്പെടുത്താൻ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി എന്നാണ് വൈറ്റ് ഹൌസിന്‍റെ പ്രതികരണം.
പെന്‍റഗണ്‍ റിപ്പോർട്ട് ശരിവച്ച് ഇറാൻ
യുഎസ് ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷവും രാജ്യത്ത് സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉണ്ടെന്ന് വ്യക്തമാക്കി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ്. കളികൾ അവസാനിച്ചിട്ടില്ലെന്നാണ് ആയത്തുള്ള ഖമേനിയുടെ അടുത്ത അനുയായിയുടെ പ്രസ്താവന. യുഎസിന്‍റെ ആക്രമണങ്ങൾ ശേഷം അണുവികിരണം ഉൾപ്പെടെയുള്ള ആശങ്കകൾക്കിടയിലാണ് ഈ പ്രസ്താവന വന്നത്.
യുഎസ് ആക്രമണങ്ങൾക്ക് മുമ്പേ ഇറാൻ ഫോർദോ പ്ലാന്‍റിൽ നിന്ന് കാര്യമായ അളവിൽ യുറേനിയവും മറ്റ് ഉപകരണങ്ങളും മാറ്റിയിരുന്നുവെന്നുള്ള വെളിപ്പെടുത്തലുകൾ നേരത്തെ വന്നിരുന്നു. രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥരാണ് ന്യൂയോർക്ക് ടൈംസിനോട് ഈ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. 60 ശതമാനം സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം എൻറിച്ച്‌മെന്‍റ് പ്ലാന്‍റിൽ നിന്ന് മാറ്റിയെന്നാണ് റിപ്പോർട്ട്.
ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങളിൽ റേഡിയേഷന് കാരണമാകുന്ന വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്‍റെ യുറേനിയം ശേഖരം എവിടെയാണെന്ന് അറിയില്ലെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ഉൾപ്പെടെ സമ്മതിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Post a Comment