Join News @ Iritty Whats App Group

മട്ടന്നൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു

മട്ടന്നൂർ:വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു. ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ റിപ്പോർട്ടർ മട്ടന്നൂർ ചാവശേരി ശ്രീനിലയത്തിൽ രാഗേഷ്‌ കായലൂർ (51)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക്‌ കണ്ണൂർ ദേശാഭിമാനിയിലും 12 മണിക്ക്‌ മട്ടന്നൂരിലും പൊതുദർശനം നടക്കും. ഒരു മണിക്ക്‌ വീട്ടിലെത്തിച്ചശേഷം നാലിന്‌ മട്ടന്നൂർ നഗരസഭയുടെ പൊറോറയിലെ നിദ്രാലയത്തിലാണ് സംസ്‌കാരം.

ഞായറാഴ്‌ച രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനിടെ മട്ടന്നൂർ – ഇരിട്ടി റോഡിൽ കോടതിക്കുസമീപത്ത്‌ ഉണ്ടായ അപകടത്തിലാണ്‌ രാ​ഗേഷിന് പരിക്കേറ്റത്‌. റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ ടോറസ്‌ ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന്‌ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച പുലർച്ചെ അടിയന്തര ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു. ചൊവ്വാഴ്‌ച വൈകീട്ട്‌ ഏഴരയോടെയാണ്‌ അന്ത്യം.

ദീർഘകാലം ദേശാഭിമാനി മട്ടന്നൂർ ഏരിയാ റിപ്പോർട്ടറായിരുന്നു. 2008 ൽ കണ്ണൂർ ദേശാഭിമാനിയിൽ പ്രൂഫ്‌ റീഡറായി. കാസർകോട്‌ ബ്യൂറോയിലും റിപ്പോർട്ടറായി പ്രവർത്തിച്ചു. ഇപി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പേഴ്‌സണൽ സ്‌റ്റാഫിൽ അംഗമായിരുന്നു. പരേതനായ എസി രാഘവൻ നമ്പ്യാരുടെയും ഓമനയുടെയും മകനാണ്‌. ഭാര്യ: ജിഷ (കിൻഫ്ര, ചോനാടം). മക്കൾ: ശ്രീനന്ദ രാഗേഷ്‌, സൂര്യതേജ്‌.

Post a Comment

Previous Post Next Post
Join Our Whats App Group