Join News @ Iritty Whats App Group

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സ്വയംഭൂവിൽ നെയ്യാട്ടം നടന്നു; കൊട്ടിയൂർ യാഗോത്സവത്തിന് തുടക്കമായി

ഇരിട്ടി: ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ 27 നാൾ നീണ്ടുനിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാൾ വരവും നെയ്യാട്ടവും നടന്നു. വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽ നിന്നും ക്ഷേത്രം മേൽശാന്തി മൂഴിയൊട്ടില്ലത്ത് സുരേഷ് നമ്പൂതിരിയാണ് പാൽചുരം വഴി പരാശക്തിയുടെ വാൾ കാൽനടയായി എഴുന്നള്ളിച്ച് ഞായറാഴ്ച സന്ധ്യയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിച്ചത്. ഇക്കരെ ക്ഷേത്രത്തിന് സമീപം എഴുന്നള്ളിച്ചെത്തിയ വാൾ ഭക്തരും നെയ്യമൃത് സംഘങ്ങളും ചേർന്ന് ഹരിഗോവിന്ദം വിളിയോടെ ക്ഷേത്രത്തിലേക്ക് വരവേറ്റു. 


വാൾ ഇക്കരെ ക്ഷേത്രസന്നിധിയിൽ എത്തിയശേഷം അക്കരെ സന്നിധിയിൽ നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സമുദായി ഭട്ടതിരിക്കൊപ്പം ഊരാളർ, ട്രസ്റ്റിമാർ , ഓച്ചർ, കണക്കപ്പിള്ള എന്നിവരുടെ ആദ്യ സംഘം അക്കരെ സന്നിധിയിലെത്തി. തുടർന്ന് പടിഞ്ഞീറ്റ നമ്പൂതിരി, തേടൻ വാരിയർ, നമ്പീശൻ എന്നീ സ്ഥാനികർ അക്കരെ പ്രവേശിച്ച് മൺതാലങ്ങളിൽ ചോതി വിളക്ക് തെളിച്ചു. ചോതി വിളക്കിൽ നിന്ന് നാളം പകർന്ന് മറ്റ് വിളക്കുകൾ തെളിയിക്കുകയും തിടപ്പള്ളിയിലെ തിരുവടുപ്പിൽ തീകൂട്ടുകയും ചെയ്തു. തുടർന്ന് മണിത്തറ ഏറ്റുവാങ്ങലും ചോതി പുണ്യാഹവും നടന്നു .  


അതിനുശേഷമായിരുന്നു നാളം തുറക്കൽ ചടങ്ങ്. സ്ഥാനിക ബ്രാഹ്മണർ ചേർന്ന് കഴിഞ്ഞ വർഷം സ്വയംഭൂ മൂടിയ അഷ്ടബന്ധം ആചാരപ്പെരുമയോടെ തുറക്കുന്ന ചടങ്ങാണിത്. തുടർന്നാണ് നെയ്യഭിഷേകം നടന്നത്. നെയ്യമൃത് മഠങ്ങളിൽ നിന്നുമെത്തി തിരുവഞ്ചിറയിൽ അഭിഷേക മുഹൂർത്തത്തിനായി കാത്തുനിൽക്കുന്ന വ്രതക്കാർ നെയ്യാട്ടത്തിന് മൂഹുർത്തമറിയിച്ച് രാശി വിളിച്ചതോടെ ആദ്യാവകാശിയായ വില്ലിപ്പാലൻ കുറുപ്പിന്റെ നെയ്യും അതിനുശേഷം തമ്മേങ്ങാടൻ നമ്പ്യാരുടെയും നെയ്യും ഉഷക്കാമ്പ്രം നമ്പൂതിരി ഏറ്റുവാങ്ങി മന്ദ്രോച്ചാരണങ്ങളോടെ സ്വയംഭൂവിൽ അഭിഷേകം ചെയ്തു. 

ഭണ്ഡാരം എഴുന്നള്ളത്ത് ഇന്ന് 

ഉത്സവത്തിന്റെ സുപ്രധാന ചടങ്ങായ ഭണ്ഡാര എഴുന്നള്ളത്ത് ഇന്ന് രാത്രി നടക്കും. മണത്തണ കരിമ്പന ഗോപുരത്തിന്റെ നിലവറകളിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും സ്വർണ്ണ, വെള്ളിപ്പാത്രങ്ങളും ഭണ്ഡാരങ്ങളും സന്ധ്യയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. ഇത് അർദ്ധരാത്രിയോടെ അക്കരെ സന്നിധിയിൽ എത്തിക്കഴിഞ്ഞാൽ മാത്രമാണ് സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശനം അനുവദിക്കുകയുള്ളൂ.

Post a Comment

أحدث أقدم
Join Our Whats App Group