Join News @ Iritty Whats App Group

കണ്ണൂരിൽ 6 വർഷത്തിനിടെ 8 സ്കൂളുകൾ അടച്ചുപൂട്ടിയ സംഭവം; പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:കണ്ണൂരിൽ സ്കൂളുകൾ അടച്ചുപൂട്ടി എന്ന വാർത്തയോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ചിലയിടങ്ങളിൽ എങ്കിലും സ്‌കൂൾ കുട്ടികൾ തീരെ വരാത്തതിനാൽ ചില സ്‌കൂളുകൾ സ്വയം ഇല്ലാതാകുന്ന അവസ്ഥ ഉണ്ട്. 1959 മുതലുള്ളതാണ് ഈ അവസ്ഥ. കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സ്‌കൂളുകൾ തുടങ്ങുന്നതിനും കുട്ടികൾ ഇല്ലെങ്കിൽ അടയ്ക്കുന്നതിനുമുള്ള വകുപ്പുകളുണ്ട്. ഇക്കാര്യങ്ങൾ പാലിക്കാത്ത സംഭവങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കും. ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ മേലൂർ ജൂനിയർ ബേസിക് സ്‌കൂളിൽ അഞ്ചിൽ താഴെ മാത്രം കുട്ടികളാണുണ്ടായിരുന്നത്. 2023 ൽ ആ കുട്ടികളും റ്റി.സി വാങ്ങി തൊട്ടടുത്ത സ്‌കൂളിലേക്ക് മാറി. കുട്ടികളില്ലാത്തതിനാൽ സ്‌കൂൾ പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടായി.

ഇതേ സ്ഥിതി തന്നെയായിരുന്നു പരിമഠം എൽ.പി. സ്‌കൂളിൽ ഉണ്ടായത്. 2023 ൽ അവിടെ പഠിച്ചിരുന്ന ആറ് കുട്ടികളും തൊട്ടടുത്ത എയിഡഡ് സ്‌കൂളിൽ ചേർന്നു. കുട്ടികൾ ആരും ഇല്ലാത്തതിനാൽ പ്രസ്തുത സ്‌കൂൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. അഴീക്കോട് ഈസ്റ്റ് എൽ.പി.എസിൽ രണ്ടായിരത്തി ഇരുപത്തി രണ്ടിൽ തന്നെ ഇതേ അവസ്ഥ സംജാതമായെന്നും മന്ത്രിയുടെ പ്രതികരണം

എന്നാൽ യു.ഡി.എഫ് കോഴിക്കോട് പട്ടണത്തിൽ അമ്പത്തിയാറ് കുട്ടികൾ പഠിച്ചിരുന്ന മലാപറമ്പ് എ.യു.പി. സ്‌കൂൾ അടച്ചു പൂട്ടാൻ തീരുമാനിക്കുകയും ഇരുളിന്റെ മറവിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റാൻ ഒത്താശ ചെയ്യുകയും ചെയ്തു. ലാഭകരമല്ലെന്നു പറഞ്ഞ് പൂട്ടാനുള്ള 1400 സ്കൂളുകളുടെ പട്ടികയും യുഡിഎഫ് സർക്കാർ തയ്യാറാക്കി. ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി യു.ഡി.എഫ്. സർക്കാരിന് പുറകോട്ടു പോകേണ്ടി വന്നു.

ഇതുപോലെ കോഴിക്കോട് എ.യു.പി.എസ്. പാലാട്ട്, മലപ്പുറം ജില്ലയിൽ 67 കുട്ടികൾ പഠിച്ചിരുന്ന എ.എൽ.പി.എസ്. മാങ്ങാട്ടുമുറി, തൃശ്ശൂർ ജില്ലയിലെ പി.എം.എൽ.പി.എസ് കിരാലൂർ എന്നിവ അടച്ചു പൂട്ടാൻ യു.ഡി.എഫ്. സർക്കാർ ഉത്തരവിടുകയുണ്ടായി. പക്ഷേ കേരള ജനത അതിനെ ചെറുത്തു തോൽപ്പിക്കുകയാണ് ഉണ്ടായത്.

എന്നാൽ 2026 ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാർ യു.ഡി.എഫ്. സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കുകയും പൂട്ടാൻ തീരുമാനിച്ച സ്‌കൂളുകൾ എല്ലാം ഏറ്റെടുക്കുകയും ചെയ്തു. പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടേണ്ടവ അല്ലെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന ഇടതുപക്ഷ നയവും സർക്കാർ ഖജനാവിൽ സമ്പത്തില്ല എന്നും അതിനായി പൊതുപണം ചെലവഴിക്കില്ലെന്നും നിലപാട് എടുത്ത യു.ഡി.എഫ്. നയങ്ങളും തിരിച്ചറിയാൻ കേരള സമൂഹത്തിന് കഴിയുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി

നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതിയൊരു നമ്പർ കൂടി ഇറക്കിയിരിക്കുകയാണെന്നും 11ലക്ഷത്തോളം കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ രക്ഷിതാക്കൾ അധികമായി അയച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group