Join News @ Iritty Whats App Group

രേഷ്മ രണ്ടുപേരെ കൂടി കുരുക്കാൻ കെണിയൊരുക്കി; കോട്ടയത്ത് നിന്ന് മുങ്ങിയത് സ്വര്‍ണതാലിയുമായി

തിരുവനന്തപുരം: വിവാഹ തട്ടിപ്പിന് തിരുവനന്തപുരത്ത് പിടിയിലായ എറണാകുളം സ്വദേശിയായ 30കാരി രേഷ്മ രണ്ടു പേരെ കൂടി കുരുക്കാൻ കെണിയൊരുക്കിയിരുന്നതായി വിവരം. കോട്ടയം, തിരുവനന്തപുരം സ്വദേശികളായ ചെറുപ്പക്കാരെയാണ് രേഷ്മ വിവാഹം കഴിക്കാനായി നിശ്ചയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

രേഷ്മ വിവാഹം കഴിച്ച മറ്റൊരു ഭര്‍ത്താവിന്‍റെ വീട്ടിൽ വെച്ചാണ് കോട്ടയം സ്വദേശിയായ യുവാവിനെ പെണ്ണുകണ്ടത്. ബിഹാറിലെ സ്കൂള്‍ ടീച്ചറാണെന്നാണ് രേഷ്മ യുവാവിനോട് പരഞ്ഞത്. പിഎച്ച്ഡി പൂര്‍ത്തിയാക്കാൻ തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആര്യനാട് സ്വദേശിയെ വിവാഹം കഴിക്കാൻ രേഷ്മ പോയത്. കോട്ടയം സ്വദേശി വാങ്ങിയ സ്വര്‍ണതാലിയും ഇതിനിടെ രേഷ്മ കൈക്കലാക്കിയിരുന്നു.

ഏഴാം കല്യാണത്തിന് തൊട്ടുമുമ്പാണ് രേഷ്മ പിടിയിലായത്. ആര്യനാട് പഞ്ചായത്തംഗമായ വരന് തോന്നിയ സംശയമാണ് രേഷ്മയെ കുടുക്കിയത്. വിവിധ ജില്ലകളിലായി ആറുപേരെയാണ് ഇതിനകം രേഷ്മ വിവാഹം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം സ്വദേശി രേഷ്മ മാട്രിമോണിയൽ ഗ്രൂപ്പ് വഴിയാണ് ആര്യനാട് സ്വദേശിയായ പഞ്ചായത്തംഗത്തെ പരിചയപ്പെടുന്നത്. വിവാഹാലോചനകൾ ക്ഷണിച്ചുളള യുവാവിന്‍റെ പരസ്യം കണ്ടാണ് ആദ്യ ഫോൺ കോളെത്തുന്നത്.

ആദ്യം രേഷ്മയുടെ അമ്മയെന്ന് പറഞ്ഞ് സംസാരിച്ചു. പിന്നെ രേഷ്മയെന്ന് പരഞ്ഞ് യുവാവിനോട് സംസാരിച്ചു. നേരിട്ട് കണ്ടപ്പോൾ യുവാവിനോട് രേഷ്മ പറഞ്ഞത് താൻ അനാഥയെന്നാണ്. തന്നെ ദത്തെടുത്തതാണെന്നും കൂടെ മറ്റാരുമില്ലെന്നൊക്കെ പറ‌ഞ്ഞു യുവാവിനെ വിശ്വസിപ്പിച്ചു. ഒടുവിൽ കല്യാണം തീരുമാനിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി. ഇതിനിടെ രേഷ്മയുടെ പെരുമാറ്റത്തിൽ വരന് അസ്വാഭാവികത തോന്നി. കല്യാണത്തിനൊരുങ്ങാനായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയപ്പോൾ ബാഗ് പരിശോധിച്ചു.

കിട്ടിയത് മുൻ വിവാഹങ്ങളുടെ ക്ഷണക്കത്തുകൾ. ആര്യനാട് പൊലീസ് സ്ഥലത്തെത്തി രേഷ്മയെ കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് അമ്പരപ്പിക്കുന്ന വിവാഹതട്ടിപ്പ് കഥ പുറത്തുവന്നത്. 2014ലാണ് രേഷ്മയുടെ ആദ്യ വിവാഹം നടന്നത്. 2022 മുതൽ വിവിധ ജില്ലകളിലായി ആറ് പേരെ കല്യാണം കഴിച്ചു. അനാഥയാണെന്ന ഒരേ കഥയാണ് എല്ലാവരോടും രേഷ്മ പറഞ്ഞത്. വിവാഹം കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ അവിടെ നിന്ന് മുങ്ങും. രണ്ട് വയസുള്ള കുട്ടിയുണ്ട് രേഷ്മയ്ക്ക്.

സ്നേഹം തേടിയാണ് തുടരെ തുടരെ വിവാഹം കഴിച്ചതെന്നാണ് രേഷ്മ പൊലീസിന് നൽകിയ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വർണവും പണവും തട്ടലായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവാഹത്തട്ടിപ്പിനിരയായവരെ കണ്ടെത്തി വിവരം തേടാനുള്ള ശ്രമത്തിലാണ് പൊലീസ്. നാണക്കേട് കാരണമാകും തട്ടിപ്പിനിരയായവർ വിവരം പുറതത്ത് അറിയിക്കാതിരുന്നതെന്നാണ് സംശയം. ഏഴാം വിവാഹത്തിന് പിന്നാലെ മറ്റ് രണ്ട് വിവാഹങ്ങൾക്ക് കൂടി തയ്യാറെടുക്കവെയാണ് രേഷ്മ പിടിയിലായത്.

Post a Comment

Previous Post Next Post
Join Our Whats App Group