കോഴിക്കോട്: മൈസൂരു സ്വദേശിനിയായ യുവതിയെ വഴിയില്‍ ഇറക്കിവിട്ട് കടന്നുകളഞ്ഞ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് താമരശ്ശേരി ഈങ്ങാപ്പുഴയില്‍ നാട്ടുകാരെ ആശങ്കയിലാക്കിയ സംഭവങ്ങള്‍ നടന്നത്. കൂടത്തായി സ്വദേശി മുഹമ്മദ് നിസാം(31) എന്നയാളെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സഞ്ചരിച്ച യുപി രിജ്‌സ്‌ട്രേഷനിലുള്ള പജേറോ സ്‌പോര്‍ട് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വൈകീട്ട് ആറ് മണിയോടെ ഈങ്ങാപ്പുഴ ടൗണിന് സമീപം എത്തിയ കാറില്‍ നിന്ന് യുവതിയെ ഇറക്കിവിടുന്നത് ഇതുവഴി എത്തിയ ഓട്ടോ ഡ്രൈവര്‍ കാണുകയായിരുന്നു. പിന്നിട് എട്ട് മണിയോടെ അവശ നിലയില്‍ കടത്തിണ്ണയില്‍ കിടന്ന യുവതിയെ നാട്ടുകാര്‍ ശ്രദ്ധിക്കുകയും വിവരം വാര്‍ഡ് മെംബര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. യുവതിയെ ഇറക്കിവിട്ട് കടന്നുകളഞ്ഞ വാഹനം ഓട്ടോ ഡ്രൈവര്‍ വീണ്ടും കാണാനിടയായതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്.
ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ഈ വാഹനം എലോക്കരയിലെ ഷോറൂമില്‍ ടയര്‍ മാറ്റാനായി നല്‍കിയിരുന്നു. ഇവിടെ വച്ചാണ് ഓട്ടോ ഡ്രൈവര്‍ വീണ്ടും കാര്‍ കാണാനിടയായത്. ഉടന്‍ തന്നെ മറ്റുള്ളവരെ വിവരമറിയിച്ച് കാറിലുണ്ടായിരുന്ന നിസാമിനെ തടഞ്ഞുവെച്ചു. പിന്നീട് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി നിസാമിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാല്‍ താന്‍ താമരശ്ശേരിയില്‍ നിന്നുമാണ് യുവതിയെ കാറില്‍ കയറ്റിയതെന്നും അവിടെ വരെ എത്തിച്ചത് മറ്റൊരാളാണെന്നുമാണ് നിസാം പറയുന്നത്.
ശാലിനി എന്നാണ് തന്റെ പേരെന്ന് യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മലയാളികള്‍ ചേര്‍ന്നാണ് തന്നെ ഇവിടെ എത്തിച്ചതെന്നും യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത തുടരുന്നതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം വഴിയരകില്‍ യുവതിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് പൊലീസിനെ വിളിച്ചറിയിച്ചിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ ആരോപണമുയര്‍ത്തിയിട്ടുണ്ട്.
Post a Comment