Join News @ Iritty Whats App Group

ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം പുലർച്ചെ 2 മണിക്കെത്തും; ആദ്യവിമാനത്തിൽ വരുന്നത് 110 ഇന്ത്യക്കാർ

ദില്ലി: ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള ആദ്യവിമാനം പുലര്‍ച്ചെയോടെ എത്തുമെന്ന് വിവരം. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നാണ് വിമാനം പുറപ്പെടുന്നത്. 110 ഇന്ത്യാക്കാരുമായാണ് ആദ്യ വിമാനം വരുന്നത്. ജമ്മു കാശ്മീർ സ്വദേശികളാണ് ഇവരിൽ കൂടുതലും. മലയാളികൾ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്ന് നോർക്ക വ്യക്തമാക്കി. ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാർത്ഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർ വരും ദിവസങ്ങളിൽ മടങ്ങിയേക്കുമെന്നാണ് സൂചന.

ഇസ്രയേൽ - ഇറാൻ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇറാനിലെ ഉർമിയയിൽനിന്നും അയൽരാജ്യമായ അർമേനിയയിലേക്ക് 110 പേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഇതിലധികവും ജമ്മു കാശ്മീർ സ്വദേശികളായ വിദ്യാർത്ഥികളാണ്. മലയാളികളുണ്ടോ എന്ന് വ്യക്തമല്ല. ഇവരുമായുള്ള വിമാനം അ‌ർദ്ധരാത്രിയോടെ ഇന്ത്യയിലേക്ക് പുറപ്പെടുമെന്നാണ് വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നത്.

യുദ്ധം കാരണം വ്യോമപാതകൾ പലയിടത്തും അടച്ചതും മറ്റ് നിയന്ത്രണങ്ങള്‍ കാരണം യാത്ര വൈകാന്‍ സാധ്യതയുണ്ടെന്ന വിവരവും ഇന്നലെ പുറത്തുവന്നിരുന്നു. ജമ്മു കാശ്മീരിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ദില്ലിയിൽനിന്ന് ശ്രീന​ഗറിലേക്കുള്ള വിമാന ടിക്കറ്റുകൾ നൽകുമെന്നും വിവരമുണ്ട്. അതേസമയം ടെഹ്റാനിൽനിന്നും ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാ‌ർത്ഥികളെ ഒഴിപ്പിച്ചു. ചിലർ സ്വമേധയാ ടെഹ്റാനിൽനിന്നും വിവിധ അതിർത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് കൊണ്ടുവരും.

ഒഴിപ്പിക്കലിൽ തുർക്ക് മിനിസ്ഥാൻ്റയും അസർബൈജാൻ്റയും പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്. അതേസമയം സ്ഥിതി ഇനിയും വഷളാവുകയാണെങ്കിൽ ഇസ്രയേലിൽനിന്ന് 25000 ഓളം ഇന്ത്യാക്കാരെയെങ്കിലും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. ഇസ്രയേൽ വിടാൻ താൽപര്യമുള്ളവർക്ക് അതിർത്തി കടക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ അറിയിച്ചിരുന്നു.

ഇസ്രയേൽ വിടാൻ താൽപര്യമുള്ളവർ എംബസിയിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ഇ-വിസക്കുള്ള അപേക്ഷ നൽകാൻ ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇസ്രയേൽ അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. പതിനായിരം പേരെ ഇറാനിൽ നിന്ന് ഒഴിപ്പിക്കേണ്ടി വന്നാൽ സമീപകാലത്ത് ഇന്ത്യ നടത്തുന്ന വലിയ ഒഴിപ്പിക്കൽ ദൗത്യമായിരിക്കും ഇത്

Post a Comment

Previous Post Next Post
Join Our Whats App Group