ദില്ലി:ഇന്ത്യയിൽ വെറും അഞ്ച് രൂപക്ക് ലഭിക്കുന്ന പാർലെ-ജി ബിസ്‌ക്കറ്റുകൾ 500 മടങ്ങ് വിലക്കാണ് യുദ്ധക്കെടുതി മൂലം ക്ഷാമമനുഭവിക്കുന്ന ഗാസയിൽ വിൽക്കുന്നതെന്ന് റിപ്പോർട്ട്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പാർലെ ജി ബിസ്‌ക്കറ്റുകൾ 24 യൂറോയിൽ (2,342 രൂപ) കൂടുതൽ വിലയ്ക്ക് വിൽക്കുന്നുണ്ടെന്ന് സോഷ്യൽമീഡിയയിലും അവകാശമുയർന്നു. 1.5 യൂറോയിൽ നിന്നാണ് ബിസ്ക്കറ്റ് വില ഒറ്റയടിക്ക് 24 യൂറോയിലേക്ക് കുതിച്ചത്. ഇസ്രായേലിന്റെ സൈനിക നീക്കത്തിനും ശേഷം, ഗാസയിലേക്കുള്ള ഭക്ഷണ ലഭ്യത ക്രമാനുഗതമായി വെട്ടിക്കുറച്ചിരുന്നു. ഈ വർഷം മാർച്ച് 2 നും മെയ് 19 നും ഇടയിൽ, ഗാസ പൂർണമായ ഉപരോധത്തെ നേരിട്ടു.
പരിമിതമായ എണ്ണം ട്രക്കുകൾ മാത്രമേ കടന്നുപോകാൻ ഇസ്രായേൽ അനുവദിച്ചുള്ളൂ. ഹമാസ് സഹായം പിടിച്ചെടുക്കുകയും ആയുധങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായേൽ ട്രക്കുകൾ തടഞ്ഞത്. ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) വികസിപ്പിച്ചെടുത്ത സെക്യുർ ഡിസ്ട്രിബ്യൂഷൻ സൈറ്റ് 1 (SDS1) മോഡൽ മാത്രമേ വിതരണം നടത്താവൂവെന്നും ഇസ്രായേൽ പറഞ്ഞിരുന്നു. ബിസ്കറ്റിന് മാത്രമല്ല, ഗാസയിൽ എല്ലാ ഭക്ഷണസാധനങ്ങൾക്കും ഉയർന്ന വിലയാണ് ഈടാക്കുന്നത്. സഹായമായി എത്തുന്ന ഭക്ഷ്യവസ്തുക്കൾ ഉയർന്ന വിലക്ക് കരിഞ്ചന്തയിൽ വിൽക്കുന്നതായും ആരോപണമുയർന്നു. ഒരു കിലോ പഞ്ചസാര: 4,914 രൂപ, ഒരു ലിറ്റർ പാചക എണ്ണ: 4,177 രൂപ, ഒരു കിലോ ഉരുളക്കിഴങ്ങ്: 1,965 രൂപ, ഒരു കിലോ ഉള്ളി: 4,423 രൂപ,
ഒരു കാപ്പി കപ്പ്: 1,800 രൂപ എന്നിങ്ങനെയാണ് വിലയെന്നും സോഷ്യൽമീഡിയയിൽ പറയുന്നു. എൻഡിടിവി ശേഖരിച്ച ഒരു പട്ടികയിൽ അടിസ്ഥാന സാധനങ്ങളും പലചരക്ക് സാധനങ്ങളും അമിത വിലയ്ക്ക് വിൽക്കുന്നതായി കാണിക്കുന്നു. പ്രാദേശിക കറൻസിയായ പുതിയ ഇസ്രായേലി ഷെക്കലിലാണ് വിലകൾ പരാമർശിച്ചിരിക്കുന്നത്. ഒരു ഇസ്രായേലി ഷെക്കലിന് 24.57 ഇന്ത്യൻ രൂപയാണ് മൂല്യം
Post a Comment