Join News @ Iritty Whats App Group

ചൈനയേക്കാൾ അഞ്ച് കോടി കൂടുതൽ, 2025ൽ ഇന്ത്യയുടെ ജനസംഖ്യ 146 കോടി, എങ്കിലും ആശങ്കയെന്ന് റിപ്പോർട്ട്

strong>ദില്ലി:ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ ജനസംഖ്യ 2025-ൽ 1.46 ബില്യൺ (146 കോടി) ആയിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. അതേസമയം, രാജ്യത്തെ മൊത്തം ജനനനിരക്ക് (TFR) കുറയുന്നതായും റിപ്പോർട്ട് പറയുന്നു.

യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) 2025 ലെ ലോക ജനസംഖ്യാ റിപ്പോർട്ട് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. ഇന്ത്യയിൽ ജനസംഖ്യ കുറയാൻ തുടങ്ങുന്നതിനുമുമ്പ് ഏകദേശം 170 കോടിയിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ചൈനയുടെ ജനസംഖ്യ 1.41 ബില്യണിലെത്തുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ്-2024 റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ ജനസംഖ്യ 144 കോടിയായിരുന്നു.

അതേസമയം, ടിഎഫ്ആർ 1.9 ആയി കുറഞ്ഞു. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന റീപ്ലേസ്മെന്റ് ലെവലിനേക്കാൾ താഴെയാണ് നിലവിലെ ജനന നിരക്ക്. ജനനനിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാനങ്ങൾ, ജാതികൾ, വരുമാനം എന്നിവയിലുടനീളം ആഴത്തിലുള്ള അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ദില്ലി, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിൽ പ്രസവ നിരക്ക് കുറയുകയാണ്. അതേസമയം, തങ്ങളുടെ പ്രത്യുത്പാദന ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നതിന് സ്ത്രീകൾക്ക് ഇപ്പോഴും കാര്യമായ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

മെച്ചപ്പെട്ട വിദ്യാഭ്യാസവും പ്രത്യുൽപാദന ആരോഗ്യ സംരക്ഷണത്തിനുള്ള അവസരവും കാരണം 1970-ൽ ഒരു സ്ത്രീക്ക് അഞ്ച് കുട്ടികളിൽ നിന്ന് ഫെർട്ടിലിറ്റി നിരക്ക് ഇപ്പോൾ രണ്ടായി കുറഞ്ഞു. ദേശീയ കുടുംബാരോഗ്യ സർവേയിൽ (2019-21) ആദ്യമായി TFR റീപ്ലേസ്മെന്റ് ലെവൽ നിരക്കിനേക്കാൾ 2.0 ആയി കുറഞ്ഞു. ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉയർന്ന പ്രത്യുൽപാദന നിരക്ക് തുടരുന്നു. ഗർഭനിരോധന മാർ​ഗങ്ങൾ, ആരോഗ്യ സേവനങ്ങൾ, ലിംഗ മാനദണ്ഡങ്ങൾ എന്നിവയുടെ മോശം അവസ്ഥ കാരണമാണ് ഇവിടങ്ങളിൽ ജനന നിരക്ക് ഉയരുന്നത്.

മറുവശത്ത്, ദില്ലി, കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് വിദ്യാസമ്പന്നരായ മധ്യവർഗ സ്ത്രീകൾക്കിടയിൽ, ചെലവുകളും ജോലി-ജീവിത സംഘർഷങ്ങളും കാരണം നിരവധി ദമ്പതികൾ പ്രസവം വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നു.

പ്രത്യുൽപാദനക്ഷമത കുറയുന്നതിനെക്കുറിച്ചുള്ള പരിഭ്രാന്തിയിൽ നിന്ന് പ്രത്യുൽപാദന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് മാറണമെന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലായി 14,000 ആളുകെ പങ്കെടുപ്പിച്ച് UNFPA-YouGov നടത്തിയ സർവേയിൽ പ്രായപൂർത്തിയായ മൂന്നിൽ ഒരാൾ (36%) അപ്രതീക്ഷിത ഗർഭധാരണത്തെ അഭിമുഖീകരിക്കുന്നുണ്ടെന്നും 30% പേർ കൂടുതലോ കുറവോ കുട്ടികളുണ്ടാകണമെന്ന ആഗ്രഹം പൂർത്തീകരിക്കാത്തതായും കണ്ടെത്തി.

പ്രത്യുൽപാദന സ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ തടസ്സങ്ങളിലൊന്നാണ് സാമ്പത്തിക പരിമിതി, പത്തിൽ നാല് പേരും തങ്ങൾ ആഗ്രഹിക്കുന്ന കുടുംബങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനുള്ള ഒരു കാരണമായി സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി. ജോലി അരക്ഷിതാവസ്ഥ (21%), പാർപ്പിട പരിമിതികൾ (22%), കുട്ടികളുടെ പരിചരണത്തിന്റെ അഭാവം (18%) എന്നിവയും പ്രതിസന്ധി സൃഷ്ടിക്കുന്നു. മാതാപിതാക്കളുടെ സ്ഥാനം അപ്രാപ്യമാക്കുന്നു.</p>

Post a Comment

أحدث أقدم
Join Our Whats App Group