Join News @ Iritty Whats App Group

‘കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല, ബിജെപി തനിനിറം കാണിക്കുന്നു’: ഷാഫി പറമ്പില്‍ MP

കേണൽ സോഫിയ ഖുറേഷിക്കെതിരായ BJP മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍ MP. BJP അവരുടെ തനിനിറം കാണിച്ചു, മന്ത്രിയെ പുറത്താക്കണം. ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന കുടുംബത്തിലെ അം​ഗമായ കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്.

ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. ആർമി മേധാവിയെ പോലും സൈബർ ലിഞ്ചിങിന് ഇരയാക്കി. രാജ്യത്തിൻറെ അഭിമാനമാണവർ. തീവ്രവാദത്തെ പരാജയപ്പെടുത്തിയത് രാജ്യം ഒറ്റക്കെട്ടായാണ്. മന്ത്രിയെ ബിജെപി പുറത്താക്കണം. ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് അഭിമാനമാണ്. ഇന്ത്യയെ സംബന്ധിച്ച് കശ്മീരിന് ഒരു മൂന്നാംകക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തി.കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തം.മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.

കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

Post a Comment

Previous Post Next Post
Join Our Whats App Group