വാൽപ്പാറ വാഹനാപകടം; ഉമ്മയുടെ വേർപാടറിയാതെ മസ്‌നീൻ വീട്ടിലേക്ക്, അത്ഭുതകരമായി രക്ഷപ്പെട്ട പത്ത് വയസുകാരി ആശുപത്രി വിട്ടു
മലപ്പുറം:തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് 10 വയസുകാരി മസ്നീൻ. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ നാല് ദിവസം ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ഡിസ്ചാർജ് ചെയ്തു. അപകടത്തിൽ മസ്നീന്റെ ഉമ്മ ഷക്കീല മരണപ്പെട്ടിരുന്നു. എന്നാൽ കുട്ടിയെ ഈ വിവരം ഇതുവരെ അറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞയുകയായിരുന്നു. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 10 പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി ഇന്ന് പുലർച്ചെയാണ് മരിച്ചത്. നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണം സംഭവിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം
Post a Comment