Join News @ Iritty Whats App Group

ഇന്ത്യൻ വംശജ അനിത ആനന്ദ് കാനഡയുടെ പുതിയ വിദേശകാര്യമന്ത്രി; 28 പേരുള്ള മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ 24 പേരും പുതുമുഖങ്ങൾ

കാനഡയിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപീകൃതമായി. മന്ത്രിസഭയിലെ 28 കാബിനറ്റ് മന്ത്രിമാരിൽ 24 പേർ പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജയായ അനിത ആനന്ദ് ആണ് പുതിയ വിദേശ കാര്യ മന്ത്രി. അനിത ആനന്ദ് നേരത്തെ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. മന്ത്രിസഭ രൂപീകൃതമായതിന് പിന്നാലെയുളള ആദ്യ മന്ത്രിസഭായോ​ഗം ഇന്ന് നടക്കും. ഈ മാസം 27നാണ് പാർലമെന്റ് സമ്മേളനം.

ആരാണ് ഇന്ത്യൻ വംശജയായ അനിത ആനന്ദ്

ഒന്റാറിയോയിലെ ഓക്ക്‌വില്ലെയിൽ നിന്നുള്ള പാർലമെന്റ് അംഗമായ അനിത ആനന്ദിന്റെ പിതാവ് തമിഴനും അമ്മ പഞ്ചാബിയുമാണ്, 1960 കളുടെ തുടക്കത്തിൽ ഇവരുടെ കുടുംബം കാനഡയിലേക്ക് കുടിയേറിയതാണ്. 1967 മെയ് 20 ന് നോവ സ്കോട്ടിയയിലെ കെന്റ്‌വില്ലിൽ ജനിച്ച അനിത ഡൽഹൗസി സർവകലാശാല, ടൊറന്റോ സർവകലാശാല, ഓക്‌സ്‌ഫോർഡ് സർവകലാശാല എന്നിവയിൽ നിന്ന് ബിരുദങ്ങൾ നേടി. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് യേൽ പോലുള്ള ഉന്നത സർവകലാശാലകളിൽ അനിത നിയമം പഠിപ്പിച്ചിരുന്നു.

സാമ്പത്തിക നിയന്ത്രണത്തിലും കോർപ്പറേറ്റ് ഭരണത്തിലും ഒരു സ്പെഷ്യലിസ്റ്റായിരുന്നു അനിത 2019 ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. സമീപ വർഷങ്ങളിൽ നാല് പ്രധാന കാബിനറ്റ് വകുപ്പുകൾ അവർ ഏറ്റെടുത്തു. കോവിഡ്-19 പാൻഡെമിക് സമയത്ത് അവർ പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2021 ൽ അവർ കാനഡയുടെ പ്രതിരോധ മന്ത്രിയായി. പ്രതിരോധ മന്ത്രിയെന്ന നിലയിൽ, റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഉക്രെയ്‌നിനുള്ള കാനഡയുടെ സഹായം അവർ പരിശോധിക്കുകയും കനേഡിയൻ സായുധ സേനയിലെ ലൈംഗിക ദുരുപയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. 2023 മധ്യത്തിൽ ട്രഷറി ബോർഡിലേക്ക് മാറ്റിയെങ്കിലും, 2024 സെപ്റ്റംബറിൽ ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രിയായി അവർ വീണ്ടും നിയമിക്കപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group