ബംഗളൂരു: മലയാളി യാത്രക്കാരെ
ലക്ഷ്യമിട്ട് ബംഗളൂരുവിലും
മൈസൂരുവിലും കൊള്ള അരങ്ങേറുന്നു.
അസമയത്ത് നഗരത്തിൽ വന്നിറങ്ങുന്ന
വിദ്യാർഥികൾ, വിനോദയാത്രക്കെത്തുന്നവർ,
ആശുപത്രി ആവശ്യങ്ങൾക്കായി വരുന്നവർ,
ചെറിയ ബിസിനസ് ആവശ്യങ്ങൾക്കായി
എത്തുന്നവർ തുടങ്ങിയവരാണ് ഇത്തരം
കെണികളിൽ പതിവായി കുടുങ്ങാറുള്ളത്.
ബുധനാഴ്ച പുലർച്ച കുത്തുപറമ്ബ് സ്വദേശി സജീറാണ് അതിക്രമത്തിനിരയായത്. നഗരത്തില്‍ ബുധനാഴ്ച പുലർച്ച ബസിറങ്ങിയ സജീർ ജോലി സ്ഥലത്തേക്ക് പോകാൻ ഓട്ടോയില്‍ കയറിയതു മാത്രമേ ഓർമയുള്ളൂ. എന്നാല്‍, പിന്നീട് തനിക്ക് ബോധം തെളിയുമ്ബോള്‍ കൈവശമുള്ള പണവും മൊബൈല്‍ ഫോണും കൊള്ളയടിക്കപ്പെട്ട രീതിയില്‍ ഫുട്പാത്തിലായിരുന്നെന്ന് സജീർ പറയുന്നു. ആരെയും ബന്ധപ്പെടാനാവാതെ പ്രയാസപ്പെട്ട യുവാവ് മുന്നില്‍ കണ്ടവരോട് സഹായം അഭ്യർഥിച്ചു. ബസ് കാശ് ലഭിച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയെന്നും പറയുന്നു.
നഗരത്തിലെ ഓട്ടോ ഡ്രൈവർമാരില്‍ ചിലർ രാത്രിയിലും പുലർച്ചകളിലും തട്ടിപ്പ് മാത്രം ലക്ഷ്യമിട്ട് സർവിസ് നടത്തുന്നവരാണ്. ഇത്തരക്കാർ അനുനയത്തിലൂടെ യാത്രക്കാരെ സമീപിക്കും. അന്തർ സംസ്ഥാന ബസുകളില്‍നിന്ന് ഇറങ്ങുന്ന യാത്രക്കാരെ ലക്ഷ്യം വെച്ച് ഓട്ടോ ഡ്രൈവർമാർ കുറഞ്ഞ ചാർജില്‍ യാത്ര പോകാമെന്ന് അറിയിക്കും. പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് എന്ന രീതിയില്‍ യാത്രക്കാരുമായി പുറപ്പെടുന്ന ഓട്ടോ വിജനമായ സ്ഥലങ്ങളില്‍ എത്തിക്കും. യാത്രക്കാരുടെ പണവും മൊബൈല്‍ ഫോണും മറ്റു വിലപിടിപ്പുള്ള സാധനങ്ങളുമടക്കം കവർന്നശേഷം ഉപേക്ഷിക്കും.
ഇതാണ് കൊള്ളയുടെ രീതി. ചില ഓട്ടോകളില്‍ വഴിയില്‍നിന്ന് മറ്റു ചിലരും കയറും. ഇവർ ഡ്രൈവറുടെ സഹായികളായിരിക്കും. തുടർന്ന് സംഘം ചേർന്നാണ് കൊള്ള നടത്തുക. എതിർക്കുന്നവരെ മർദിക്കുകയും ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്യും. മൈസൂർ റോഡിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡ്, മെജസ്റ്റിക് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ഏറെ ഉള്‍ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബാനസ്‍വാടി റെയില്‍വേ സ്റ്റേഷൻ, എസ്.എം.വി.ടി ബൈയപ്പനഹള്ളി റെയില്‍വേ സ്റ്റേഷൻ എന്നിവിടങ്ങളിലും വന്നിറങ്ങുന്ന മലയാളി യാത്രക്കാർ മുമ്ബും തട്ടിപ്പിനിരയായിട്ടുണ്ട്.
ഓട്ടോ ഡ്രൈവർമാർക്ക് പുറമെ, ഇരുചക്ര വാഹനങ്ങളിലെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവരുന്ന സംഘങ്ങളുമുണ്ട്. മുമ്ബ്, ഇത്തരത്തില്‍ കൊള്ളശ്രമത്തിനിടെ അക്രമികളെ ചെറുത്ത മലയാളി യുവാവ് നെഞ്ചില്‍ ആയുധം കൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. എതിർക്കാൻ ശ്രമിച്ചാല്‍ ജീവൻ അപകടത്തിലാവുമെന്നതിനാല്‍ ഭയംമൂലം പണവും മൊബൈലും കൈവിടുകയാണ് പലരും ചെയ്യാറ്. മൈസൂരുവിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുന്നതായി മൈസൂരു ബസ്‍സ്റ്റാൻഡിന് സമീപം കച്ചവടം നടത്തുന്ന എ.ഐ.കെ.എം.സി പ്രവർത്തകനായ യൂനുസ് ചൂണ്ടിക്കാട്ടി.
കേരളത്തില്‍നിന്ന് രാത്രിയിലും പുലർച്ചയുമായി എത്തുന്ന കേരള ആർ.ടി.സി ബസുകള്‍ ബസ് സ്റ്റാൻഡില്‍ പ്രവേശിക്കാറില്ലെന്നത് തട്ടിപ്പുകാർക്ക് തുണയാവുന്നു. ബസ്‍സ്റ്റാൻഡിന് സമീപം പ്രീപെയ്ഡ് ഓട്ടോ സംവിധാനമുണ്ടെങ്കിലും ബസ് ഇവിടേക്ക് കയറില്ലെന്നതിനാല്‍ യാത്രക്കാർക്ക് ഈ സർവിസ് ഉപയോഗപ്രദമല്ല. പകരം, മറ്റൊരിടത്ത് മലയാളി യാത്രക്കാരെ ഇറക്കിപ്പോകുന്ന കേരള ആർ.ടി.സി ബസുകള്‍ ഓട്ടോഡ്രൈവർമാരുടെ കൊള്ളസംഘത്തിന് ഇരകളെ എത്തിക്കുന്ന ഏർപ്പാടാണ് ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. കർണാടക ആർ.ടി.സി ബസുകള്‍ മുഴുവനും ബസ്‍സ്റ്റാൻഡില്‍ കയറി പോകുമ്ബോള്‍ കേരളത്തില്‍നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകള്‍ മാത്രം മൈസൂരു ബസ്‍സ്റ്റാൻഡ് ഒഴിവാക്കി യാത്ര ചെയ്യുന്നു.
മുമ്ബും യാത്രക്കാർ ഓട്ടോ ഡ്രൈവർമാരുടെ കൊള്ളക്കിരയായതായും പരാതി അറിയിച്ചിട്ടും ഫലമില്ലെന്നുമാണ് ആക്ഷേപം. മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും വരുന്ന യാത്രക്കാർ ജാഗ്രത പാലിക്കുക എന്നതാണ് പോംവഴി. ലക്ഷ്യസ്ഥാനത്തേക്ക് പോകുവാൻ ഒന്നുങ്കില്‍ മെട്രോ ട്രെയിൻ, ബസ്, ഓണ്‍ലൈൻ ടാക്സി എന്നീ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഒരു കാരണവശാലും രാത്രിയിലോ പുലർച്ച സമയങ്ങളിലോ ഓട്ടോ പിടിച്ചു പോകാതിരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
Post a Comment