റിയാദ്: പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരതക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിൽ സൗദി അറേബ്യയുടെ പിന്തുണ ഉറപ്പിച്ച് സർവകക്ഷി പ്രതിനിധി സംഘം റിയാദിൽ നിന്ന് മടങ്ങി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂറിനെയും ഭീകരതക്കെതിരായ ഇന്ത്യൻ നിലപാടിനെയും കുറിച്ച് വിശദീകരിക്കാൻ ബൈജയന്ത് പാണ്ഡെ എംപിയുടെ നേതൃത്വത്തിൽ സൗദിയിലെത്തിയ പ്രതിനിധി സംഘമാണ് ദൗത്യം വിജയകരമായി പൂർത്തീകരിച്ചത്.
സൗദി സർക്കാർ ഉദ്യോഗസ്ഥർ, തദ്ദേശീയ മാധ്യമപ്രവർത്തകർ, ചിന്തകർ, ബിസിനസ് പ്രമുഖർ, തദ്ദേശീയ സിവിൽ സമൂഹത്തിൽനിന്നുള്ള പ്രമുഖർ തുടങ്ങിയവരുമായി റിയാദിലെ ഇന്ത്യൻ എംബസിയിൽ നടത്തിയ കൂടിച്ചേരലിലും ഭരണനേതൃത്വത്തിലും ഉദ്യോഗസ്ഥ വൃന്ദത്തിലുമുള്ള ഉന്നതരുമായി ബുധൻ, വ്യാഴം ദിവസങ്ങളിലായി നടത്തിയ കൂടിക്കാഴ്ചകളിലും ചർച്ചകളിലും തങ്ങൾക്ക് ലഭിച്ചത് നല്ല സൂചനയാണെന്ന് ബൈജയന്ത് പാണ്ഡെ എംപി പറഞ്ഞു. ഭീകരതയ്‌ക്കെതിരായ അചഞ്ചലമായ പ്രതിബദ്ധതയിൽ ഇന്ത്യയും സൗദി അറേബ്യയും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നുള്ള പ്രഖ്യാപനമായി മാറുകയായിരുന്നു ഓരോ കൂടിക്കാഴ്ചകളും.
പാവപ്പെട്ട മനുഷ്യരുടെ ക്ഷേമത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി സൗദി പാകിസ്ഥാന് നൽകുന്ന ധനസഹായം വകമാറ്റി ഭീകര സംഘങ്ങളെ പരിപോഷിപ്പിച്ച് വളർത്താനാണ് ഉപയോഗിക്കുന്നതെന്ന് സന്ദർശന പരിപാടിയുടെ അവസാന ദിവസമായ വ്യാഴാഴ്ച വൈകീട്ട് റിയാദിലെ ഇന്ത്യൻ എംബസിയിൽ പ്രവാസി സമൂഹവുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കവേ പാണ്ഡെ കുറ്റപ്പെടുത്തി. സാധാരണ സൈന്യങ്ങളെ അതത് രാജ്യങ്ങളിലെ ഗവൺമെന്റുകൾ നിയന്ത്രിക്കുമ്പോൾ പാകിസ്ഥാനിൽ ഗവൺമെന്റിനെ നിയന്ത്രിക്കുന്നത് സൈന്യമാണെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.
രണ്ടുദിവസം നീണ്ടുനിന്ന റിയാദ് സന്ദർശനം പൂർത്തിയാക്കി സംഘം വെള്ളിയാഴ്ച പുലർച്ചെ അൾജീരിയയിലേക്ക് പുറപ്പെട്ടു. പാണ്ഡെയെ കൂടാതെ ഇന്ത്യൻ പാർലമെന്റിലെ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിറ്റി ചെയർമാൻ ഡോ. നിഷികാന്ത് ദുബെ എംപി (ബിജെപി), ദേശീയ വനിതാ കമീഷൻ മുൻ ചെയർപേഴ്സൺമാരും രാജ്യസഭ അംഗങ്ങളുമായ ഫാങ്‌നോൺ കൊന്യാക് എംപി (ബിജെപി), രേഖ ശർമ എംപി (ബിജെപി), അസദുദ്ദീൻ ഉവൈസി എംപി (എഐഎംഐഎം), ചണ്ഡീഗഡ് യൂണിവേഴ്സിറ്റി സ്ഥാപക വൈസ് ചാൻസിലറും രാജ്യസഭ അംഗവുമായ സത്നാം സിങ് സന്ധു എംപി, മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്ലൻഡ് എന്നിവിടങ്ങളിലെ മുൻ ഇന്ത്യൻ അംബാസഡറുമായ ഹർഷ വർധൻ ശൃംഗള എന്നിവരാണ് സംഘത്തിലുള്ളത്.
ബഹ്റൈൻ, കുവൈത്ത്, സൗദി, അൾജീരിയ എന്നീ രാജ്യങ്ങളിേലക്ക് നിയോഗിക്കപ്പെട്ട സംഘത്തിൽ കുവൈത്ത് വരെ മുൻ കേന്ദ്ര മന്ത്രി ഗുലാം നബി ആസാദും ഉണ്ടായിരുന്നു. അവിടെ വെച്ച് അസുഖ ബാധിതാനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ തുടർന്നുള്ള യാത്രയിൽനിന്ന് അദ്ദേഹം ഒഴിവായിരുന്നു.
Post a Comment