കണ്ണൂർ: ദമ്ബതികളുടെ മരണം
അടക്കം കാട്ടാനകളുടെ
ആക്രമണത്തിൽ കനത്ത ഭീഷണിയിൽ
കഴിയുന്ന ആറളം ഫാമിൽ
പണിതുകൊണ്ടിരിക്കുന്ന ആനമതിലിന്റെ
കരാറുകാരനെ നീക്കി സർക്കാർ.
കരാറുകാരന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തിലാണ് പതിയ കരാറുകാരനെ തേടാൻ തീരുമാനമായിരിക്കുന്നത്. രണ്ടുതവണ സമയം നീട്ടി നല്‍കിയിട്ടും പ്രവൃത്തി പൂർത്തിയാക്കാനോ, ആവശ്യമായ പുരോഗതിയില്‍ എത്തിക്കാനോ കരാറുകാരന് സാധിച്ചിരുന്നില്ല.പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതിനിടയിലാണ് പതിമൂന്നാം ബ്ളോക്കിലെ വെള്ളി-ലീല ദമ്ബതികളെ ആന ചവിട്ടി കൊന്നത്. അന്ന് ഉയർന്ന കടുത്ത പ്രതിഷേധം കണക്കിലെടുത്ത് മന്ത്രി തല യോഗം ചേർന്ന് ഏപ്രില്‍ മുപ്പതിനകം ആറ് കി.മീ ആനമതില്‍ പൂർത്തിയാക്കണമെന്ന് കരാറുകാരന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നിട്ടും കരാറുകാരൻ അലംഭാവം തുടർന്ന സാഹചര്യത്തില്‍ കേരള കൗമുദി വിഷയം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തി. ഏപ്രില്‍ 30 ന് ശേഷം ഒരു മാസം കൂടി നല്‍കിയിട്ടും കരാറുകാരനായ കാസർകോട്ടെ റിയാസിന് പ്രവൃത്തി പൂർത്തിയാക്കാനായില്ല. 37.9 കോടിയാണ് കരാറ് തുക.
ആറളം ആനമതില്‍
കരാർ തുക 37.9 കോടി
നിർമ്മാണം തുടങ്ങിയത് 2023 സെപ്തംബർ 30
നിർമ്മാണകാലാവധി 1 വർഷം
ആനമതിലിന്റെ ദൂരം 10.5 കി.മി
ഇതുവരെ നിർമ്മിച്ചത് 4.100 കി.മീ
ഇനിയും ഒടുങ്ങാനാൻ ഞങ്ങളില്ല
ആദ്യഘട്ടത്തില്‍ ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതാണ് വിനയായത് പിന്നീട് തൊഴിലാളികള്‍ എത്തിയെങ്കിലും കല്ലടക്കമുള്ള സാമഗ്രികള്‍ കിട്ടാത്തതും പ്രതികൂല കാലാവസ്ഥയും വില്ലനായി. എന്നാല്‍ കല്ലെത്തിക്കാൻ എം.എല്‍.എയും കളക്ടറും ഇടപെട്ട് ഒരു പരിധി വരെ പരിഹാരം കണ്ടെങ്കിലും കരാറുകാരൻ പ്രവൃത്തിയെ ഗൗരവമായി കണ്ടില്ല. ആദിവാസികളടക്കമുള്ളവരുടെ ജീവന് യാതൊരു വിലയും നല്‍കാത്ത തരത്തിലാണ് കരാറുകാരന്റെ ഇടപെടലെന്ന പരാതിയും ഇതിനിടെ ഉയർന്നിരുന്നു. പത്ത് വർഷത്തില്‍ പതിനാലു ജീവനുകളാണ് ആറളത്ത് കാട്ടാനക്കലിയില്‍ ഒടുങ്ങിയത് .അതില്‍ പതിനൊന്നും ആദിവാസികളാണ്. ഇനിയും ഇങ്ങനെ ചത്തൊടുങ്ങാൻ വയ്യെന്നാണ് ആറളം പുനരധിവാസമേഖലയിലുള്ളവർ പറയുന്നത്.
കുറച്ച് നാളായി നിർമ്മാണം നടന്നിരുന്നില്ല. നിശ്ചിത സമയത്ത് പ്രവൃത്തി പൂർത്തിയാക്കാത്തതിനാലും കരാർ കാലാവധി കഴിഞ്ഞതും കണക്കിലെടുത്ത് പുതിയ കരാർ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കെ.പി രാജേഷ് ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
Post a Comment