ഇരിട്ടി: ചൊവ്വാഴ്ച
സന്ധ്യയോടെശക്തമായ മഴക്കൊപ്പം
വീശിയടിച്ച ചുഴലിക്കാറ്റിൽ ഇരിട്ടി മേഖലയിൽ
കോടികളുടെ നാശനഷ്ടം.
മരങ്ങള്‍ വീണ് പുത്തൻ കാറുള്‍പ്പടെയുള്ള വാഹനങ്ങള്‍ തകർന്നു. ഏക്കറുകണക്കിന് സ്ഥലത്തെ വാഴകള്‍, റബർ, കശുമാവ്, മാവ്, തെങ്ങ്, കവുങ്ങ്, പ്ലാവ് തുടങ്ങിയ വിളകള്‍ നശിച്ചു. നിരവധി വൈദ്യുതി തൂണുകള്‍ തകർന്നു. വൈദ്യുതി ലൈനുകളും, കേബിളുകളും, വീടുകളിലും റോഡരികുകളിലും മറ്റും നിർത്തിയിട്ടിരുന്ന കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇരിട്ടി നഗരസഭയില്‍പ്പെട്ട പയഞ്ചേരി, മുടച്ചാല്‍, അത്തിത്തട്ട്, ഊവാപ്പള്ളി എന്നിവിടങ്ങളിലും വ്യാപക നാശ നഷ്ടമാണ് ഉണ്ടായത്. പയഞ്ചേരിയില്‍ റോഡരികിലെ നിരവധി മരങ്ങള്‍ പൊട്ടിവീണു.
വൈദ്യുതി ബന്ധം താറുമാറായി. മുടച്ചാലില്‍ എളമ്ബിലാൻ സുധീറിന്‍റെ വീടിന്‍റെ മേല്‍ക്കൂരയിലെ അഞ്ഞൂറിലധികം ഓടുകള്‍ കാറ്റില്‍ പറന്നു പോയും ഇളകി വീണും നശിച്ചു. മുറ്റത്തു നിർത്തിയിട്ട രജിസ്‌ട്രേഷൻ കഴിയാത്ത പുത്തൻ കാറിനും കേടുപാടുകള്‍ സംഭവിച്ചു. തൊട്ടടുത്തുതന്നെയുള്ള ശ്രീനിലയത്തില്‍ ബൈജുവിന്‍റെ വീടിനോട് ചേർന്ന കൂറ്റൻ പ്ലാവ് വീട്ടു മുറ്റത്തേക്ക് കടപുഴകി വീണു. ചില്ലകള്‍ തട്ടി വീടിന് കേടുപാടുകള്‍ സംഭവിച്ചു.
ഊവപ്പള്ളിയില്‍ പാലമുറ്റത്ത് പ്രകാശ് കുമാറിന്‍റെ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പ്ലാവ് കടപുഴകിവീണതിനെ തുടർന്ന് തകർന്നു. വീടിന്‍റെ മേല്‍ക്കൂരക്കും നാശം സംഭവിച്ചു. മീത്തലെ വീട്ടില്‍ മനോജ്കുമാറിന്‍റെ വീട് തെങ്ങ് വീണു തകർന്നു. അത്തിത്തട്ടില്‍ സി.കെ. കുരുവിള, ആർ.കെ. രമേശൻ, അനൂപ് പടിപ്പുരക്കല്‍, ധരൻ ശിവ്ദാസ്‌എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി. അതിത്തട്ടില്‍ തന്നെ നിരവധിപേരുടെ നൂറുകണക്കിന് റബർ മരങ്ങള്‍ കാറ്റില്‍ വീണു നശിച്ചു. നിരവധി വൈദ്യുതി തൂണുകളും മരം വീണ് നശിച്ചു.
ചീങ്ങാക്കുണ്ടത്തെ ഇലവുങ്കല്‍ ബേബിയുടെ മുകള്‍ നിലയില്‍ സ്ഥാപിച്ച റൂഫിംഗ് ഷീറ്റുകള്‍ മുഴുവൻ പാറിപ്പോയി. വീടിനകത്തെ കട്ടില്‍, കിടക്ക, മറ്റു വീട്ടുപകരണങ്ങള്‍ എന്നിവക്ക് കേടുപാടുകള്‍ സംഭവിച്ചു. കരിയാലിലെ ഇലവുങ്കല്‍ ബിനോയി, ഇലവുങ്കല്‍ ബേബി എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരയും കാറ്റിലും മരങ്ങള്‍ പൊട്ടിവീണും നശിച്ചു. എരുമത്തടത്തെ പുത്തൻപറമ്ബില്‍ രാജീവന്‍റെ വീടിനും നാശമുണ്ടായി. കരിയാലിലെ തടത്തിമാക്കല്‍ തോമസിന്‍റെ വീടിനു മേല്‍ പ്ലാവ് വീണ് തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പായം ഗവ. യുപി സ്‌കൂളിന് സമീപം നിതാ ഷാജിയുടെ വീടിനുമുകളിലും മരം കടപുഴകി വീണു.
കാറ്റ് നാശം വിതച്ച മേഖലകള്‍ സണ്ണി ജോസഫ് എംഎല്‍എ, പായം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിനോദ്കുമാർ, കരിയാല്‍ പള്ളി വികാരി ഫാ. മാർട്ടിൻ പറപ്പള്ളിയാത്ത്, രാഷ്‌ട്രീയ പാർട്ടി നേതാക്കളായ പ്രിജേഷ് അളോറ, വി.എം. പ്രശോഭ് എന്നിവർ സന്ദർശിച്ചു. വിവിധ വകുപ്പുകളും നഷ്ടത്തിന്‍റെ കണക്കെടുത്തു വരികയാണ്.
إرسال تعليق