തിരുവനന്തപുരം: കള്ളക്കേസിൽ കുടുക്കി പൊലീസ് അതിക്രമത്തിനിരയായെന്ന പരാതിയുമായി എത്തിയ ദളിത് യുവതി ബിന്ദുവിന്‍റെ പരാതി അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. ബിന്ദുവിന്‍റെ പരാതി ഗൗരവത്തോടെയാണ് കണ്ടതെന്നും പി ശശി പറഞ്ഞു. മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിർദേശിച്ചു.
വീട്ടുമക്കെതിരെ നടപടിവേണമെന്ന ആവശ്യത്തിലാണ് കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടതെന്നും അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയെ അവഗണിച്ചിട്ടില്ലെന്നും പി ശശി പറഞ്ഞു. പി ശശി പരാതി വായിച്ചുനോക്കിയില്ലെന്നും കോടതിയിൽ പോകാൻ പറഞ്ഞെന്നുമായിരുന്നു ബിന്ദുവിന്‍റെ ആരോപണം.
ഏപ്രിൽ 23നാണ് ബിന്ദുവിനെ പൊലീസ് വിളിപ്പിച്ചതും തുടര്‍ന്നുള്ള അതിക്രമവും ഉണ്ടായത്. തുടര്‍ന്ന് ഒരു പേപ്പറിൽ പോലും ഒപ്പിടിക്കാതെയാണ് ഏപ്രിൽ 24ന് ഉച്ചയ്ക്ക് പൊലീസ് വിട്ടയക്കുന്നത്. മെയ് മൂന്നിനാണ് പൊലീസിനെതിരെ പരാതി നൽകാൻ ബിന്ദു അഭിഭാഷകനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയത്. അതേസമയം,പേരൂർക്കട സ്റ്റേഷനിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയായ ബിന്ദുവെന്ന യുവതിയെ 20 മണിക്കൂർ കസ്റ്റഡിയിൽ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ തിരുവനന്തപുരം കമ്മീഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.
അസിസ്റ്റന്‍റ് കമ്മീഷണറോടാണ് ആഭ്യന്തര അന്വേഷണത്തിന് നിർദേശിച്ചത്. പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തൽ. മൂന്നു ദിവസം മാത്രമാണ് സ്ത്രീ ജോലിക്ക് നിന്നത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് പൊലീസ് വിട്ടയച്ചത്.
Post a Comment