Join News @ Iritty Whats App Group

‘പരാതി വാങ്ങി പി ശശി മേശപ്പുറത്തിട്ടു, ഇവിടെ പരാതിപെട്ടിട്ട കാര്യമില്ലെന്ന് പറഞ്ഞു’; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരത നേരിട്ട ദളിത് യുവതി ബിന്ദു


മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി മോഷണപരാതിയിൽ പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായ ദളിത് യുവതി ബിന്ദു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ നീതി ലഭിച്ചില്ലെന്നും ബിന്ദു പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോള്‍ കടുത്ത അവഗണനയാണ് ഉണ്ടയതെന്നും ബിന്ദു പറഞ്ഞു.

പരാതി നൽകിയപ്പോൾ അത് വായിച്ചുപോലും നോക്കിയില്ലെന്നും കോടതിയെ സമീപിക്കാനാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പറഞ്ഞതെന്നും ബിന്ദു പറഞ്ഞു. പരാതി ഉണ്ടെങ്കിൽ പൊലീസ് പിടിച്ചോളുമെന്നും പി ശശി പറഞ്ഞു. മാല മോഷണം പോയാൽ വീട്ടുകാര്‍ പരാതി നൽകിയാൽ പൊലീസ് വിളിപ്പിക്കുമെന്നും പി ശശി പറഞ്ഞു. തുടർന്ന് കോടതിയിൽ പോകാൻ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് താൻ പോയത് എന്നും കാര്യങ്ങൾ വിശദമായി കേൾക്കാൻ പോലും അവിടെനിന്ന് തയാറായില്ല എന്നും ബിന്ദു പറഞ്ഞു.

തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. മണിക്കൂറുകൾ പൊലീസ് സ്റ്റേഷനിൽ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താൻ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group