Join News @ Iritty Whats App Group

മംഗളൂരുവിൽ വീണ്ടും കൊലപാതകം; യുവാവിനെ വെട്ടിക്കൊന്നതിന് പിന്നിൽ തീവ്രഹിന്ദു സംഘടനകളെന്ന് ആരോപണം, നിരോധനാജ്ഞ


മം​ഗളൂരു: മംഗളൂരുവിന് അടുത്ത് ബൻത്‌വാളിൽ യുവാവിനെ വെട്ടിക്കൊന്നു. കൊലത്തമജലു സ്വദേശി അബ്ദുൾ റഹീം (42) ആണ് മരിച്ചത്. പ്രാദേശിക പള്ളിയുടെ സെക്രട്ടറിയും പിക്കപ്പ് ഡ്രൈവറും ആയിരുന്നു കൊല്ലപ്പെട്ട അബ്ദുൾ റഹീം. ഒരു മാസത്തിനിടയിൽ മൂന്നാമത്തെ കൊലപാതകമാണ് മം​ഗളൂരുവിൽ നടക്കുന്നത്. ഗുണ്ടയും മുൻ ബജ്രംഗ് ദൾ നേതാവുമായിരുന്ന സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഈ കൊലപാതകം ഉണ്ടായിരിക്കുന്നത്. 

ബൻത്വാളിലെ ഇറ കോടി എന്ന സ്ഥലത്ത് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സൗത്ത് കാനറ സുന്നി ഫെഡറേഷനിൽ സജീവാംഗമായിരുന്നു അബ്ദുൾ റഹീം. പിക്കപ്പ് ഡ്രൈവർ ആയിരുന്ന റഹീമിനോട് ലോഡുമായി എത്താൻ ഒരു സംഘം ആളുകൾ പറയുകയായിരുന്നു. ഇവിടെ എത്തിയ റഹീമിനെയും കൂടെ ഉണ്ടായിരുന്ന കലന്തർ ഷാഫിയെയും ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. വാളുകൾ കൊണ്ട് വെട്ടി ദേഹം മുഴുവൻ വെട്ടേറ്റ അവസ്ഥയിലായിരുന്നു മൃതദേഹം. റഹീമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ഷാഫിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

അതേസമയം, കൊലപാതകത്തിന് പിന്നിൽ തീവ്രഹിന്ദു സംഘടനകളാണെന്ന് ആരോപണം ഉയരുന്നുണ്ട്. റഹീമിൻ്റെ മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിക്ക് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മംഗളൂരു നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലും നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടം കൂടുന്നതിനും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. നഗരത്തിലേക്ക് കൂടുതൽ പൊലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യതാ മേഖലകളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചതായി പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group