Join News @ Iritty Whats App Group

‘തങ്ങളുടെ പോരാട്ടം തീവ്രവാദികൾക്കെതിരെയായിരുന്നു, പാകിസ്ഥാന്റെ നഷ്ടത്തിന് ഉത്തരവാദി അവർ തന്നെ’; ഇന്ത്യ


പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളെ മാത്രമാണ് ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടതെന്ന് ഇന്ത്യൻ സൈന്യം. അവർക്ക് ഉണ്ടായ എല്ലാ നഷ്ടത്തിനും പാക് സൈന്യമാണ് ഉത്തരവാദിയെന്നും സൈന്യം ആവർത്തിച്ചു. ബ്രീഫിംഗിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാരദ, എയർ മാർഷൽ എ കെ ഭാരതി എന്നിവർ ബ്രീഫിംഗിൽ പങ്കെടുത്തു.

തങ്ങളുടെ പോരാട്ടം തീവ്രവാദികളോടും അവരുടെ അടിസ്ഥാന സൗകര്യങ്ങളോടും ആയിരുന്നുവെന്നും പാകിസ്ഥാൻ സൈന്യത്തിനെതിരെയല്ലെന്നും എയർ മാർഷൽ എ കെ ഭാരതി ബ്രീഫിംഗിൽ പറഞ്ഞു. അതുകൊണ്ടാണ് മെയ് 7 ന് തങ്ങൾ ഭീകര ക്യാമ്പുകൾ മാത്രം ആക്രമിച്ചതെന്ന് എ കെ ഭാരതി പറഞ്ഞു. പാകിസ്ഥാൻ സൈന്യം തീവ്രവാദികളോടൊപ്പം നിൽക്കുകയും അത് സ്വന്തം പോരാട്ടമാക്കുകയും ചെയ്തത് വളരെ ദുഃഖകരമാണെന്നും അതുകൊണ്ടാണ് തങ്ങളുടെ തിരിച്ചടി ആവശ്യമായി വന്നതെന്നും എ കെ ഭാരതി പറഞ്ഞു.

അതേസമയം അവരുടെ നഷ്ടങ്ങൾക്ക് അവർ തന്നെയാണ് ഉത്തരവാദികൾ എന്നും എ കെ ഭാരതി കൂട്ടിച്ചേർത്തു. രാജ്യത്തെ സിവിലിയൻ, സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കുറയ്ക്കാൻ ഇന്ത്യൻ സായുധ സേനയ്ക്ക് കഴിഞ്ഞുവെന്നും ഭാരതി പറഞ്ഞു. അതിനിടെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം രാജ്യത്തെ സംരക്ഷിക്കുന്ന ഒരു മതിൽ പോലെ നിലകൊള്ളുന്നുവെന്ന് വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ശത്രുവിന് അത് അഭേദ്യമായിരുന്നു, രാജ്യത്തിന്റെ ബഹുതല വ്യോമ പ്രതിരോധ ശേഷിയുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group