ആലക്കോട്: ആലക്കോട് നിന്ന്
മൂന്നാറിലേക്ക് ടൂർ പോയ
സഞ്ചാരികളെ നാട്ടിൽ തിരിച്ചെത്തിക്കാതെ
ടൂറിസ്റ്റ് ബസ് ജീവനക്കാർ കടന്നുകളഞ്ഞതായി
കാണിച്ച് ആലക്കോട് പോലീസിനും
ആർടിഒക്കും പരാതി നൽകി.
ഇവരുടെ മോശമായ പെരുമാറ്റം തുടക്കം മുതലേ പ്രശ്നങ്ങള്‍ ഉയർത്തിയതായി യാത്രക്കാർ പരാതിപ്പെട്ടിരുന്നു. മൂന്നാറിലെത്തി വിവിധ സ്ഥലങ്ങള്‍ സന്ദർശിച്ച് ഞായറാഴ്‌ച രാത്രി പത്തോടെ ആലക്കോട്ടേക്ക് തിരിച്ചുവരാനായിരുന്നു തീരുമാനിച്ചിരുന്നത്. മൂന്നാറിലെ ട്രാഫിക്ക് ബ്ലോക്കും സഞ്ചാരികളുടെ തിരക്കും കാരണം രാത്രി പതിനൊന്നരയോടെയാണ് സഞ്ചാരികള്‍ക്ക് ഹോട്ടല്‍ റൂമില്‍ തിരിച്ചെത്താൻ കഴിഞ്ഞത്. ഇതിനിടെ ബസ് ജീവനക്കാർ തങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും മോശമായി പെരുമാറിയെന്നുമാണ് സഞ്ചാരികളുടെ പരാതി. ഇതിന് പിന്നാലെ തങ്ങളെ മൂന്നാറില്‍ ഉപേക്ഷിച്ച് ജീവനക്കാർ ബസുമായി കടന്നുകളയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സ്ത്രീകളും ചെറിയ കുട്ടികളും ഉള്‍പ്പെടുന്ന സഞ്ചാരികള്‍ മൂന്നാറില്‍ ഒറ്റപ്പെട്ടുപോവുകയും ചെയ്തു. സഞ്ചാരികളുടെ വിലപ്പിടിപ്പുള്ള സാധനങ്ങള്‍ ബസിലുണ്ടായിരുന്നു. ഫോണ്‍ വിളിച്ചിട്ട് എടുക്കാനും ബസുമായി ബന്ധപ്പെട്ടവർ തയാറായില്ലെന്നും പരാതിയില്‍ പറയുന്നു. മറ്റൊരു വാഹനം സംഘടിപ്പിച്ചാണ് സഞ്ചാരികള്‍ക്ക് ആലക്കോട് തിരിച്ചെത്താൻ കഴിഞ്ഞത്. ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ ഉത്തരവാദിത്വരഹിതമായ നടപടി മൂലവും സാധനങ്ങള്‍ നഷ്ടപ്പെട്ട വകയിലും ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും യംഗ് മൈൻഡ്സ് ക്ലബ് അംഗങ്ങള്‍ക്കെതിരെ വിവിധ ഗ്രൂപ്പുകളിലൂടെ സൈബർ ആക്രമണവും നടത്തുന്നതായും പരാതിയില്‍ പറയുന്നു.
إرسال تعليق