Join News @ Iritty Whats App Group

കേരളത്തില്‍ എത്തുന്നതില്‍ നിന്നുള്ള അര്‍ജന്റീനിയന്‍ ടീമിന്റെ പിന്മാറ്റം; സ്‌പോണ്‍സര്‍മാരോട് വിശദീകരണം തേടി കായിക വകുപ്പ്


കേരളത്തില്‍ എത്തുന്നതില്‍ നിന്ന് അര്‍ജന്റീനിയന്‍ ടീം പിന്മാറിയതില്‍ സ്‌പോണ്‍സര്‍മാരോട് വിശദീകരണം തേടി കായിക വകുപ്പ്. മെസിയുടേയും സംഘത്തിന്റേയും വരവ് അനിശ്ചിതത്തില്‍ ആക്കിയത് സ്‌പോണ്‍സര്‍മാര്‍ ആണെന്നാണ് കായിക വകുപ്പിന്റെ കണ്ടെത്തല്‍. ജനുവരിയില്‍ പണം നല്‍കാം എന്നായിരുന്നു സ്‌പോണ്‍സര്‍മാരുടെ വാഗ്ദാനം. നിശ്ചിത സമയത്തും സ്‌പോണ്‍സര്‍മാര്‍ തുക നല്‍കിയില്ലെന്ന് കായിക വകുപ്പ് പറയുന്നു. വിശദീകരണം തേടി കായിക വകുപ്പ് സ്‌പോണ്‍സര്‍മാര്‍ക്ക് കത്തയക്കും.

ഇന്നലെയാണ് മെസിയും സംഘവും കേരളത്തിലേക്കില്ലെന്ന് കായിക മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുന്നത്. 300 കോടിയിലധികം രൂപയാണ് മെസിയുടേയും സംഘത്തിന്റെയും വരവിന് സര്‍ക്കാര്‍ കണക്കാക്കിയ ചെലവ്. ഇതില്‍ 200 കോടി അര്‍ജന്റീന ടീമിന് കൊടുക്കാനുള്ള തുക മാത്രമാണ്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല. മുന്നോട്ട് വന്ന മൂന്ന് സ്‌പോണ്‍സര്‍മാരും തുക നല്‍കാന്‍ തയാറായില്ല.

അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാന്‍ എത്തുമെന്ന് പറഞ്ഞിരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ടീം മറ്റ് രാജ്യങ്ങളില്‍ പര്യടനത്തിലായിരിക്കും. ഒക്ടോബറില്‍ ചൈനയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കുന്ന ടീം നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലുമായിരിക്കും കളിക്കുമെന്ന് അര്‍ജന്റീന മാധ്യമങ്ങള്‍ ഉറപ്പിച്ചു പറയുന്നു. ഒക്ടോബറില്‍ രണ്ട് സൗഹൃദ മത്സരങ്ങളില്‍ കളിക്കാന്‍ തയ്യാറെന്ന് അര്‍ജന്റീന അറിയിചെന്നായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം.

Post a Comment

Previous Post Next Post
Join Our Whats App Group