Join News @ Iritty Whats App Group

‘കള്ളവോട്ട് വെളിപ്പെടുത്തലില്‍ പൊലീസ് കേസെടുക്കട്ടെ; പാര്‍ട്ടിക്ക് ഒന്നും പറയാനില്ല; പറഞ്ഞവര്‍ തന്നെ നിയമനടപടികള്‍ നേരിടണം’; ജി സുധാകരനെ പൂര്‍ണമായും തള്ളി സിപിഎം


ലോകസഭ തെരഞ്ഞെടുപ്പില്‍ സിപിഎം തപാല്‍ വോട്ടുകള്‍ തിരുത്തി കള്ളവോട്ടുകള്‍ ചെയ്തുവെന്ന് വെളിപ്പെടുത്തിയ ജി സുധാകരനെ കൈവിട്ട് പാര്‍ട്ടി. സുധാകരന്‍ നടത്തിയ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദ തന്നെ രംഗത്തെത്തി. ജനാധിപത്യം അട്ടിമറിക്കാന്‍ സി.പി.എം ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും സുധാകരനെപ്പോലുള്ള നേതാക്കള്‍ കാര്യങ്ങള്‍ പറയുമ്പോള്‍ കുറച്ച്കൂടി ശ്രദ്ധിക്കണമായിരുന്നെന്നും ഗോവിന്ദന്‍ പറഞ്ഞു.

ആദ്യ പ്രസ്താവന സുധാകരന്‍ പിന്നീട് തിരുത്തി പറഞ്ഞിട്ടുണ്ട്. പ്രസ്താവനക്കെതിരെ പൊലീസ് കേസെടുത്തെങ്കില്‍ കേസെടുക്കട്ടെ. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒന്നും പറയാനില്ല. പറഞ്ഞവര്‍ തന്നെ നിയമനടപടികള്‍ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. നിയമനടപടികള്‍ക്ക് സുധാകരന് പാര്‍ട്ടി പിന്തുണ ഉണ്ടാകുമോയെന്ന ചോദ്യത്തിന് നിയമനടപടികള്‍ക്ക് എന്തിനാണ് പാര്‍ട്ടി പിന്തുണയെന്നും അദേഹം ചോദിച്ചു.

അതേസമയം, ജി സുധാകരന്റെ വിവാദ പ്രസ്താവനയില്‍ ആലപ്പുഴ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് കേസ്. ഐപിസി, ജനപ്രാതിനിത്യ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്നായിരുന്നു ജി സുധാകരന്റെ വിവാദ പരാമര്‍ശം.

സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കളക്ടറോട് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പുന്നപ്രയിലെ ജി സുധാകരന്റെ വീട്ടിലെത്തിയാണ് അമ്പലപ്പുഴ തഹസില്‍ദാര്‍ കെ അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. മൊഴിയെടുത്തതിന് പിന്നാലെ ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

കാര്യങ്ങള്‍ അല്പം ഭാവന കലര്‍ത്തിപ്പറയുകയാണ് ചെയ്തതെന്നും സിപിഐയുടെ വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്നത് പൊതുവേ പറഞ്ഞതാണ്. അത് അല്പം ഭാവന കലര്‍ത്തിപ്പറഞ്ഞതാണ്. അങ്ങനെ സംഭവിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഒരു ബാലറ്റും ആരും തിരുത്തുകയോ തുറന്നുനോക്കുകയോ ചെയ്തിട്ടില്ല. താന്‍ അതിനൊന്നും പങ്കെടുത്തിട്ടുമില്ല, ഇന്നുവരെ കള്ളവോട്ട് ചെയ്തിട്ടുമില്ല. താന്‍ 20 വര്‍ഷം എംഎല്‍എയായിട്ടുണ്ട്. ഒരിക്കല്‍പ്പോലും കള്ളവോട്ട് ചെയ്യാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. അതിന്റെ ആവശ്യവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group