Join News @ Iritty Whats App Group

സംഘര്‍ഷം അവസാനിച്ചതിന് പിന്നാലെ വ്യാപക ചര്‍ച്ചയായി ഡിജിഎംഒ; ആരാണ് ഡിജിഎംഒ, എന്താണ് ചുമതലകള്‍ ?


ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടന്നതിന് പിന്നാലെ ഏറ്റവും അധികം ചര്‍ച്ചയായത് ഡിജിഎംഒ എന്ന പദവിയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്ത് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം സ്ഥിരീകരിച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു.

ഇരുരാജ്യങ്ങളുടെയും സൈന്യം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമവായത്തിലേക്കെത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. പാക് ഡിജിഎംഒ ഇന്ത്യന്‍ ഡിജിഎംഒയുമായി വെടിനിര്‍ത്താന്‍ സന്നദ്ധത അറിയിച്ച് ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് പ്രഖ്യാപനമുണ്ടായത്. ചര്‍ച്ചയില്‍ ഏതെങ്കിലും ഒരു മൂന്നാംകക്ഷി ഉള്‍പ്പെട്ടിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പോലും ഇടപെട്ട് പരിഹാരം കണ്ട ഡിജിഎംഒ എന്ന പദവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. ഇന്ത്യന്‍ ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ലഫ്റ്റ്‌നന്റ് ജനറല്‍ രാജീവ് ഗായ് ആണ് ഇന്ത്യയുടെ ഡിജിഎംഒ. പാക്കിസ്ഥാന് വേണ്ടി ആ പദവിയില്‍ ഉള്ളത് മേജര്‍ ജനറല്‍ ഖാസിഫ് അബ്ദുള്ളയും.

ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് എന്നതാണ് ഡിജിഎംഒയുടെ പൂര്‍ണരൂപം. രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുക്കുമ്പോള്‍ പ്രതിരോധ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ഡിജിഎംഒയുടെ ദൗത്യം. യുദ്ധം നടക്കുമ്പോഴും ഇരു രാജ്യങ്ങളുടെയും ഡിജിഎംഒ പദവിയില്‍ ഉള്ളവര്‍ മറ്റു രാജ്യങ്ങളിലെ ഡിജിഎംഒ മാരുമായി ചര്‍ച്ചകള്‍ നടത്തും.

സൈനിക ഓപ്പറേഷനുകള്‍, കലാപം നിയന്ത്രിക്കല്‍, സമാധാനം പുനസ്ഥാപിക്കല്‍ തുടങ്ങിയ ഉത്തവരാദിത്വങ്ങളും ഈ പദവിയിലുള്ളവര്‍ വഹിക്കുന്നുണ്ട്. ഇന്ത്യയില്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ്, ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവക്കിടയില്‍ പരസ്പരം ബന്ധപ്പെടുത്തുന്ന ഘടകമായും പ്രവര്‍ത്തിക്കുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍, വെടിനിര്‍ത്തല്‍ എന്നിവ പരിഗണിക്കുന്നതിലും പ്രധാന പങ്കുണ്ട്.

അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതകള്‍ ഉടലെടുക്കുന്നതോടെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാര്‍ ഹോട്ട്‌ലൈന്‍ മുഖേന ബന്ധപ്പെട്ട് സമാധാനത്തിനുള്ള സാധ്യതകള്‍ വിലയിരുത്താറുണ്ട്. സംഘര്‍ഷ സമയങ്ങളില്‍ ഇരുരാജ്യങ്ങളും അവരുടെ ആവശ്യങ്ങളും ആശങ്കകളും പരിഹാരമാര്‍ഗങ്ങളും പരസ്പരം കൈമാറുന്നത് ഈ ഉന്നത ഉദ്യോഗസ്ഥരിലൂടെയാണ്

Post a Comment

Previous Post Next Post
Join Our Whats App Group