ദില്ലി: കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തിൽ മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശം. മന്ത്രിയുടെ നടപടി പരിഹാസ്യവും നിന്ദ്യവുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാമർശം മതസ്പർധയും സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ ശേഷിയുള്ളതെന്നും വ്യക്തമാക്കിയാണ് കേസെടുക്കാൻ നിര്‍ദേശം നൽകിയത്.
ഇതിനിടെ, മന്ത്രിയുടെ വിവാദ പ്രസ്താവനയിൽ ദേശീയ വനിതാ കമ്മീഷൻ അപലപിച്ചു. സ്ത്രീകൾക്കെതിരെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സിനെ മുറിവേൽപ്പിക്കുന്നതാണ് പ്രസ്താവനയെന്നും ദേശീയ വനിത കമ്മീഷൻ പ്രസ്താവനയിൽ കുറിച്ചു. മന്ത്രി വിജയ് ഷായുടെ പേരെടുത്ത് പറയാതെയാണ് ദേശീയ വനിതാ കമ്മീഷൻ വിഷയത്തെ അപലപിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ഭീകരവാദികളുടെ സഹോദരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് വിവാദമായത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ തന്നെ വിട്ട് മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു പ്രസ്താവന. എന്നാൽ, അവര്‍ നമ്മുടെ സഹോദരിമാരാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നും വിജയ് ഷാ പിന്നീട് തിരുത്തി.
إرسال تعليق