Join News @ Iritty Whats App Group

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, തിരഞ്ഞ് പിടിച്ച് ശിക്ഷ നടപ്പാക്കിയിരിക്കും; ഇന്ത്യ കൃത്യമായി തിരിച്ചടിക്കുമെന്ന് അമിത്ഷാ

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരില്‍ ആക്രമണം നടത്തിയ ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.

തിരഞ്ഞ് പിടിച്ച് ശിക്ഷ നടപ്പാക്കിയിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. നിയന്ത്രണ രേഖയിലും, അന്താരാഷ്ട്ര അതിര്‍ത്തികളിലും കരസേന കടുത്ത ജാഗ്രത തുടരുകയാണ്. മുന്‍നിശ്ചയിച്ച് 26ന് അറബികടലില്‍ തുടങ്ങിയ അഭ്യാസ പ്രകടനം നാവികസേന തുടരുകയാണ്.

നാളെ ഉത്തര്‍പ്രദേശിലെ ഗംഗ എക്‌സ്പ്രസ് വേയില്‍ യുദ്ധ വിമാനങ്ങള്‍ അണിനിരത്തി വ്യോമസേനയും അഭ്യസ പ്രകടനങ്ങള്‍ നടത്തും. സേനാശേഷി വ്യക്തമാക്കുന്നതിനൊപ്പം പാകിസ്ഥാന് മേലുള്ള ഉപരോധവും ഇന്ത്യ കടുപ്പിക്കുകയാണ്. അതേസമയം ആക്രമണം നടത്തിയ ഭീകരര്‍ പ്രദേശം വിട്ടുപോയിട്ടില്ലെന്ന് എന്‍ഐഎ വെളിപ്പെടുത്തി.

ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ സേനയും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായി മേഖലയില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് എന്‍ഐഎ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എന്‍ഐഎയ്ക്ക് ആണ്. ഇപ്പോഴും പ്രദേശത്തെ വനമേഖലയില്‍ ഒളിവില്‍ തുടരുന്നുവെന്ന് കരുതപ്പെടുന്ന ഭീകരര്‍ക്ക് ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങള്‍ കൈവശമുണ്ടെന്നാണ് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍. അതിനാല്‍ തന്നെ ഇവര്‍ പ്രദേശത്തെ ഇടതൂര്‍ന്ന വനങ്ങളില്‍ ഒളിച്ചിരിക്കുകയായിരിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

ഭക്ഷണങ്ങളും അവശ്യസാധനങ്ങളും കൈവശമുള്ളതിനാലാണ് ഭീകരരെ കണ്ടെത്താന്‍ സാധിക്കാത്തതെന്നാണ് എന്‍ഐഎയുടെ നിരീക്ഷണം. എന്നാല്‍ ആക്രമണം നടന്ന ബൈസാരന്‍ താഴ്വരയില്‍ സംഭവത്തിന് 48 മണിക്കൂര്‍ മുമ്പെങ്കിലും തീവ്രവാദികള്‍ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group