Join News @ Iritty Whats App Group

അയോധ്യ ക്ഷേത്രക്കൊള്ള; വഴിപാട് പണം പ്രതികള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും നിക്ഷേപിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം, 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

അയോധ്യ ക്ഷേത്രക്കൊള്ള; വഴിപാട് പണം പ്രതികള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും നിക്ഷേപിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം, 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു


ദില്ലി: അയോധ്യ ക്ഷേത്രത്തില്‍ നിന്ന് കടത്തിയ വഴിപാട് പണം പ്രതികള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും നിക്ഷേപിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം. പ്രതികളുടെയും ബന്ധുക്കളുടെയുമടക്കം 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അയോധ്യക്ഷേത്രക്കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന പരോക്ഷ സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കി.

അയോധ്യക്ഷേത്ര കൊള്ളയിലെ പണം ഓഹരി വിപണിയിലുമെത്തി. പ്രതികളായ അവിനാശ് ശുക്ലയും അനുകല്‍പ് മിശ്രയുമാണ് വഴിപാട് പണം സ്റ്റോക്ക് മാര്‍ക്കറ്റിലെത്തിച്ച് പലമടങ്ങാകാനുള്ള സാധ്യത തേടിയത്. രണ്ട് ദിവസമായി പൊലീസ് കസ്റ്റഡിയില്‍ നടത്തുന്ന ചോദ്യം ചെയ്യലില്‍ അനുകല്‍പ് മിശ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പലിശക്കും പണം നല്‍കി. ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും മാറ്റി. അങ്ങനെയാണ് 30 അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയത്. പ്രതികളെ വീടുകളില്‍ വീണ്ടുമെത്തിച്ചും തെളിവെടുപ്പ് നടത്തി. അതേസമയം, ഇപ്പോള്‍ അറസ്റ്റിലായ 8 പ്രതികളില്‍ അന്വേഷണം അവസാനിക്കുമെന്ന സൂചനയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയത്. കാണിക്ക പണം എണ്ണാനായി നിയോഗിക്കപ്പെട്ട 150 ജീവനക്കാരില്‍ 8 പേര്‍ മാത്രമാണ് പ്രതികളായത്. പ്രതിപക്ഷം പറയുന്നത് കേട്ടാല്‍ എല്ലാവരും പ്രതികളായെന്ന് തോന്നുമെന്ന് പറഞ്ഞ യോഗി ട്രസ്റ്റ് നേതൃനിരയിലേക്ക് അന്വേഷണമുണ്ടായേക്കില്ലെന്ന സൂചന കൂടിയാണ് നല്‍കുന്നത്.

ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കള്‍ തെളിവ് ഹാജരാക്കിയില്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം വിശ്വഹിന്ദു പരിഷത്ത് മുന്നോട്ട് വച്ചിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്ത് തുടങ്ങിയെന്നും പ്രതിപക്ഷം നല്‍കിയ പരാതികളില്‍ നടപടിയില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം, ബദരിനാഥിലെ കൊള്ളയില്‍ ക്ഷേത്ര സമിതി ചെയര്‍മാന്‍റെ പഴ്സണല്‍ അസിസ്റ്റ് പ്രമോദ് നൊത്യാലിനെതിരെ കേസെടുത്തെങ്കിലും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ജോഷിമഠിലെ ക്ഷേത്രത്തിലും ജോലി നോക്കിയിരുന്ന ഇയാള്‍ അവിടെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ ക്ഷേത്ര ജീവനക്കാരും ചെയര്‍മാനും റഡാറിലുണ്ടെന്നാണ് വിവരം.

Post a Comment

Previous Post Next Post
Join Our Whats App Group