ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും 5 എണ്ണം ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായെന്നും താരതമ്യേന ഭീഷണി കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് എന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ എഎംആര്‍ ഉന്നതതലയോഗം ചേര്‍ന്നു. പാല്, ഇറച്ചി, മീന്‍ എന്നിവയില്‍ ആന്റിബയോട്ടിക് അവശിഷ്ടം കണ്ടെത്തുന്നതിന് പരിശോധനകള്‍ ശക്തമാക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. കാലിത്തീറ്റകളിലേയും കോഴിത്തീറ്റകളിലേയും ആന്റിബയോട്ടിക്കുകളുടെ അളവ് കുറയ്ക്കാന്‍ സമഗ്രമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിന്റെ ഭാഗമായി ഒരു കളര്‍ കോഡിംഗ് കൊണ്ടുവരാനും തീരുമാനിച്ചു. 3 മാസത്തിനുള്ളില്‍ എല്ലാ ആശുപത്രികളും ഇത് നടപ്പിലാക്കണം. ആന്റിബയോട്ടിക് സാക്ഷരതയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കാനും നിര്‍ദ്ദേശം നല്‍കി.
ഈ മാര്‍ഗരേഖ അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കളര്‍ കോഡ് ചെയ്യും. ഈ കളര്‍ കോഡിന്റെ അടിസ്ഥാനത്തില്‍ മൈക്രോ പ്ലാന്‍ രൂപീകരിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.ഇനിമുതല്‍ ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി നീലക്കവറില്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ.
എല്ലാ ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും ഫാര്‍മസികളും ഇത് നടപ്പിലാക്കണം. കൂടുതല്‍ ആശുപത്രികളെ ആന്റീബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഐഎംഎ, എപിഐ, ഐഎപി, സിഐഡിഎസ് തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ സ്വകാര്യ മേഖലയിലേയും പ്രവര്‍ത്തനം ശക്തിപ്പെടുത്തും. 4 ലക്ഷത്തിലധികം വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി അവബോധം നല്‍കി. ഈ വര്‍ഷം ഡിസംബറോടെ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാനാണ് ലക്ഷ്യമിടുന്നത്.
إرسال تعليق