Join News @ Iritty Whats App Group

ജനങ്ങളുടെ ശ്രദ്ധയ്ക്ക്; ചുരുങ്ങിയത് 200 മീറ്റർ മാറി നിൽക്കണം, അടുത്തേക്ക് പോകല്ലേ; വീണ്ടും നിർണായക അറിയിപ്പ്



കൊച്ചി: കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുതെന്ന് വീണ്ടും മുന്നറിയിപ്പ്. അടുത്ത് പോകരുതെന്നും അപ്പോൾ തന്നെ 112 വിൽ അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കണം. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പൽ എംഎസ്‌സി എൽസ 3 പൂർണ്ണമായും മുങ്ങിത്താഴ്ന്നു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ അൽപ്പ സമയം മുമ്പ് ക്യാപ്റ്റനെയും എൻജിനീയർമാരെയും മാറ്റിയിരുന്നു. കപ്പൽ ഉപേക്ഷിച്ച് ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിലാണ് രക്ഷപ്പെട്ടത്. റഷ്യൻ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീൻസ് സ്വദേശികളും യുക്രൈനിൽ നിന്നുള്ള 2 പേരും ഒരു ജോർജിയൻ സ്വദേശിയുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. 

24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലിൽ തുടർന്ന ക്യാപ്റ്റനെയും രണ്ട് എൻജിനീയർമാരെയുമാണ് അവസാനം രക്ഷപ്പെടുത്തിയത്. കടലിൽ വീണ കണ്ടെയ്നറുകൾ തീരത്തടിയുകയാണെങ്കിൽ, എറണാകുളം തീരത്തോ ആലപ്പുഴ തീരത്തോ ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടേക്കാമെന്നതാണ് സാധ്യതയായി കെഎസ്ഡിഎംഎ പറയുന്നത്. സംസ്ഥാനത്തെ തീരദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ അപകടകരമായ നില കാണുന്നില്ലെങ്കിലും തീരത്ത് ജാഗ്രത പാലിക്കാനാണ് നിർദേശം.

Post a Comment

Previous Post Next Post
Join Our Whats App Group