Join News @ Iritty Whats App Group

കാര്‍ത്തിക പ്രദീപിന്റെ എം.ബി.ബി.എസ് ബിരുദം വ്യാജമെന്നു സൂചന ; വിദേശജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് 100 പേരെ തട്ടിപ്പിനിരയാക്കി


കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ടേക്ക് ഓഫ് ഓവര്‍സീസ് എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി ഉടമയും പത്തനംതിട്ട സ്വദേശിയുമായ കാര്‍ത്തിക പ്രദീപിന്റെ (25) എം.ബി.ബി.എസ് ബിരുദം വ്യാജമെന്നു സൂചന. ഇതുസംബന്ധിച്ച് എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ക്ക് എം.ബി.ബി.എസ് ബിരുദം ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണു സെന്‍ട്രല്‍ പോലീസിന്റെ നിലപാട്.

യുക്രൈനില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയെന്നു പറഞ്ഞാണു കാര്‍ത്തിക ഇരകളെ സമീപിച്ചിരുന്നത്. മലയാളിയായ സഹപാഠിയില്‍നിന്നു പണം തട്ടിയ കേസിനെ തുടര്‍ന്ന് യുക്രൈനിലെ പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിയെന്ന വിവരം സെന്‍ട്രല്‍ പോലീസിനു ലഭിച്ചതായാണു സൂചന. ബ്രിട്ടനില്‍ ജോലി വാഗ്ദാനം ചെയ്തു തൃശൂര്‍ കാറളം വെള്ളാനി സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന കേസിലാണു കാര്‍ത്തികയെ എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയില്‍ നൂറിലേറെ പേരെ വഞ്ചിച്ചു കോടികളുടെ തട്ടിപ്പു നടത്തിയതിന് സംസ്ഥാനത്തെ 10 ജില്ലകളിലെങ്കിലും പ്രതിക്കെതിരേ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

ഒളിവില്‍ പോയ കാര്‍ത്തികയെ, മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നു പിടികൂടിയത്. തൃശൂര്‍ സ്വദേശിനിക്ക് ബ്രിട്ടനില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി വാഗ്ദാനം ചെയ്ത് 2024 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പലപ്പോഴായി ഗൂഗിള്‍ പേ, നെഫ്റ്റ് എന്നിവ മുഖേന 5.23 ലക്ഷം വാങ്ങുകയായിരുന്നു. മാസങ്ങള്‍ കാത്തിരുന്നിട്ടും വിസ ലഭിക്കാതായതോടെ പരാതിയുമായി യുവതി എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ബ്രിട്ടന്‍, യുക്രൈന്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണു പണം തട്ടിയത്. വഴിയോരത്തെ ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ പരസ്യം നല്‍കിയും സമൂഹമാധ്യമങ്ങളിലൂടെയുമാണ് പ്രധാനമായും ഇരകളെ പ്രതി കണ്ടെത്തിയിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group