Join News @ Iritty Whats App Group

രാജ്യത്തിൻ്റെ നെഞ്ചിൽ തീകോരിയിട്ടവർ; പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികളുടെ ചിത്രം പുറത്തുവിട്ട് അന്വേഷണ സംഘം


ദില്ലി: പഹൽഗാമിൽ 26 നിരപരാധികളെ കൊന്നൊടുക്കിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. നാല് ഭീകരരുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. രണ്ട് പ്രദേശവാസികൾ അടക്കം ആറ് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടി ഉതിർത്തത് എന്നാണ് വിവരം. കൂട്ടക്കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട തീവ്രവാദികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പഹൽഗാം, ബൈസരൺ, അനന്ത് നാഗ് എന്നീ മേഖലകളിൽ വിശദമായ പരിശോധന നടക്കുകയാണ്.


പഹൽഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്ഥാനിൽ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിവരം. കാശ്മീരിൽ പോയി ഭീകര പരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. വിനോദ സഞ്ചാരികളെ വെടിവെച്ചുകൊന്ന ഭീകര സംഘത്തിൽ ആര് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രാദേശിക ഭീകരരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ഭീകരര്‍ക്കായി ബയ്സരൺ വനമേഖലയിൽ നാല് ഹെലികോപ്റ്ററുകളിൽ സൈന്യം തെരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം, ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രതികരിച്ചു.  



അതേസമയം, ഭീകരാക്രമണത്തില്‍ മരിച്ച 26 പേരെയും തിരിച്ചറിഞ്ഞു. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിലുള്ളത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു. ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഒരു മണിയോടെ ദില്ലിയിൽ എത്തിക്കും. അവിടെ നിന്ന് 4.30 നുള്ള എയർ ഇന്ത്യ വിമാനത്തിൽ 7.30 ഓടുകൂടി നെടുമ്പാശേരിയിലെത്തിക്കും. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ 17 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group