Join News @ Iritty Whats App Group

കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലികളില്‍ മുസ്ലീങ്ങള്‍ക്ക് നാലു ശതമാനം സംവരണം; പ്രതിപക്ഷ പ്രതിഷേധവും വിവാദവും ഭയന്ന് ഗവര്‍ണര്‍ കൈകഴുകി; ബില്‍ രാഷ്ട്രപതിക്ക് അയച്ച് തവര്‍ ചന്ദ് ഗേലോട്ട്



കര്‍ണാടകയിലെ സര്‍ക്കാര്‍ ജോലികളില്‍ മുസ്ലിം വിഭാഗത്തിന് നാലു ശതമാനം സംവരണം നല്‍കുന്ന കര്‍ണാടക ട്രാന്‍സ്‌പെരന്‍സി ഇന്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് (കെടിപിപി) ബില്‍ കര്‍ണാടക ഗവര്‍ണര്‍ രാഷ്ട്രപതിക്കയച്ചു. വിവാദമായ ബില്ലില്‍ തീരുമാനമെടുക്കരുതെന്ന് പ്രതിപക്ഷമായ ബിജെപിയും മറ്റു സംഘടനകളും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

ബില്‍ സമൂഹത്തെ ധ്രുവീകരിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ബില്ല് ഗവര്‍ണര്‍ തവര്‍ ചന്ദ് ഗേലോട്ട് പ്രസിഡന്റ് ദ്രൗപദി മുര്‍മുവിന്റെ അംഗീകാരത്തിനായി അയച്ചത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കരുതെന്നും സാമൂഹികസാമ്പത്തിക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ സംവരണം അനുവദിക്കാവൂ എന്നും ഭരണഘടനയുടെ അനുഛേദം 15, 16 എന്നിവയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മുസ്ലിംകള്‍ക്ക് നാലു ശതമാനം സംവരണം നല്‍കുന്ന ബില്‍ മാര്‍ച്ചിലാണ് നിയമസഭ പാസാക്കിയത്. തുടര്‍ന്നു ബിജെപിയും ജനതാദള്‍ എസും ബില്ലിനെ എതിര്‍ത്തു രംഗത്തു വന്നിരുന്നു.

സര്‍ണാടക ട്രാന്‍സ്‌പെരന്‍സി ഇന്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് ബില്‍ അനുസരിച്ച് രണ്ട് കോടിയില്‍ താഴെയുള്ള നിര്‍മാണക്കരാറുകളില്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള കരാറുകാര്‍ക്ക് നാലു ശതമാനം സംവരണം ലഭിക്കും.

നിലവില്‍ പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്കും ഒ.ബി.സി. വിഭാഗത്തിലുള്ളവര്‍ക്കും പൊതുമരാമത്തു കരാറുകളില്‍ സംവരണമുണ്ട്. ന്യൂനപക്ഷ പിന്നാക്ക- ദളിത് വിഭാഗങ്ങള്‍ക്ക് കരാര്‍ ലഭിക്കുന്നതില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മുസ്ലിം വിഭാഗം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ രാഹുല്‍ ഗാന്ധി സ്വാധീനിച്ചുവെന്നും ബിജെപി ആരോപിച്ചു. കര്‍ണാടക സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുള്ള 4% സംവരണം രാഹുല്‍ ഗാന്ധിയുടെ പൂര്‍ണ്ണ രക്ഷാകര്‍തൃത്വത്തോടെയാണ് പാസാക്കിയതെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഈ വിഷയം കര്‍ണാടകയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യവ്യാപകമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണിതെന്ന് ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group