Join News @ Iritty Whats App Group

‘മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക്, ഷീറ്റ് പൊട്ടി സ്വിമ്മിംഗ് പൂളിലേക്ക്’; സിനിമയെ വെല്ലുന്ന സാഹസികത


ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചെയ്തത് സിനിമയെ വെല്ലുന്ന സാഹസികത. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി, ഷീറ്റ് പൊട്ടി സ്വിമ്മിംഗ് പൂളിലേക്ക്. ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിരുന്നു.

കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. പരിശോധനക്കെത്തിയവരെ കണ്ട ഷൈൻ മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടുകയായിരുന്നു. എന്നാൽ ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ജീവനക്കാരുടെയും മൊഴി എടുക്കും. ഡാൻസാഫ് പരിശോധനയ്ക്ക് എത്തുമ്പോൾ മുർഷിദ് എന്നയാളാണ് മുറിയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ എന്നാണ് പോലീസിനോട് മുർഷിദ് പറഞ്ഞത്. മുറിയിൽ അനന്തകൃഷ്ണൻ എന്നു പേരുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഡാൻസാഫ് സംഘം എത്തുമ്പോൾ ഇയാൾ മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

ഇന്നലെ രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. 314 നമ്പർ മുറിയിലായിരുന്നു ഷൈൻ ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകി. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ പരാതി. പുറത്തിറങ്ങാൻ പോകുന്ന സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ ആയിരുന്നു മോശം പെരുമാറ്റം.

കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group