Join News @ Iritty Whats App Group

'മരങ്ങൾ മുറിച്ചു, തൂണുകൾ പിഴുതിട്ടു', കണ്ണൂർ ആറളത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച സോളാർ വേലി തകർത്ത നിലയിൽ


ആറളം; കണ്ണൂർ ആറളത്ത് ലക്ഷങ്ങൾ മുടക്കി ഒരു മാസം മുമ്പ് വനം വകുപ്പ് നിർമിച്ച സോളാർ വേലി നശിപ്പിച്ച നിലയിൽ. പുതിയ ഇരട്ട ലൈൻ സോളാർ വേലി നിർമിക്കുന്നതിന്‍റെ മറവിലാണ് മരങ്ങൾ മുറിച്ചിട്ടും തൂണുകൾ പിഴുതുമാറ്റിയും, പുനരുപയോഗിക്കാൻ കഴിയാത്ത വിധം നിലവിലുളള വേലി തകർത്തത്. രണ്ട് കിലോമീറ്ററോളം ദൂരത്തിൽ പ്രതിരോധവേലി പ്രവർത്തനരഹിതമായി. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിഎഫ്ഓ റേഞ്ച് ഓഫീസർക്ക് നിർദേശം നൽകി.

കാട്ടാന പതിവായിറങ്ങുന്ന, ആളുകളെ ചവിട്ടിക്കൊല്ലുന്ന ആറളം പുനരധിവാസ മേഖല. ഫെബ്രുവരിയിൽ ആദിവാസി ദമ്പതികളെ ആന കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കോട്ടപ്പാറ മുതൽ പതിമൂന്നാം ബ്ലോക്ക് വരെ സോളാർ വേലി നിർമിക്കാൻ തീരുമാനിച്ചത്. 35 വനം വകുപ്പ് ജീവനക്കാർ പന്ത്രണ്ട് ദിവസം കൊണ്ട് അഞ്ചര കിലോമീറ്ററിൽ വേലി പണിതു. നാല് ലക്ഷത്തോളം രൂപ ചെലവായെന്ന് കണക്ക്. ആ വേലിയാണ് ഒരു മാസത്തിനുളളിൽ നശിപ്പിച്ചത്. മരങ്ങൾ മുറിച്ചും പിഴുതും വേലിക്ക് മുകളിലിട്ടു. നിരവധി തൂണുകൾ തകർന്നു. രണ്ടര കിലോമീറ്ററോളം ദൂരം വേലി പ്രവർത്തന രഹിതമായി. പുതിയ ഇരട്ട ലൈൻ സോളാർ വേലി ഇവിടെ നിർമിക്കാൻ 36 ലക്ഷത്തിന് കരാറായിരുന്നു. അതിന്‍റെ മറവിലാണ് നിലവിലുളള വേലി തകർത്തതെന്ന് ആക്ഷേപം.

പുതിയ വേലി നിർമിച്ചതിന് ശേഷം മാത്രം നീക്കം ചെയ്യേണ്ട വേലിയാണ് ഈ രീതിയിൽ തകർത്തത്. നിലവിൽ പഴയതുമില്ല പുതിയതുമില്ലെന്ന സ്ഥിതിയായി. കാട്ടാനകൾക്ക് വഴിയും തുറന്നു. പൊളിച്ചുമാറ്റിയാൽ മറ്റൊരിടത്ത് ഉപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗശൂന്യവുമായി. വനം വകുപ്പിന് നഷ്ടം ലക്ഷങ്ങൾ. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊട്ടിയൂർ റേഞ്ച് ഓഫീസർക്ക് ഡിഎഫ്ഓ നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group