കാസർകോട്: കാഞ്ഞങ്ങാട് കാസറഗോഡ് ഡൗൺ ലൈൻ റെയിൽവേ ട്രാക്കിൽ കല്ലുകളും മരക്കഷ്ണങ്ങളും എടുത്ത് വെച്ച് അപകടപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആറന്മുള ഇരന്തൂർ സ്വദേശി ജോജി തോമസ് (29) ആണ് ബേക്കൽ പൊലീസിന്റെ പിടിയിലായത്. ഇന്നലെ പുലർച്ചെ 01.40 നാണ് സംഭവമുണ്ടായത്. കോട്ടിക്കുളം- തൃക്കണ്ണാട് റെയിൽവേ ട്രാക്കിന് ഇടയ്ക്ക് ഉദുമ റെയിൽവേ ഗേറ്റിന് സമീപത്തുള്ള റെയിൽവേ ട്രാക്കിലാണ് സംഭവം.
ട്രാക്കിൽ കല്ലും മരക്കഷ്ണ്ങ്ങളും വച്ച് ഗതാഗതം തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു ഇയാൾ. 22633 നമ്പർ ഹസ്‌റത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പോകുന്ന സമയത്താണ് സംഭവം. തുക്കണ്ണാട് റെയിൽവേ ട്രാക്കിന് സമീപം അസ്വഭവികമായി ഒരാൾ ഇരിക്കുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെ റെയിൽവെ സീനിയർ എൻജിനീയർ ട്രാക്കിൽ ആരോ കല്ലും മര കഷണങ്ങളും വച്ചതായി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളാണ് പ്രതിയെന്ന് കണ്ടെത്തിയത്. ബേക്കൽ പൊലീസ് റെയിൽവേ ആക്ട് 150 (1 )(a ), 147 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബേക്കൽ ഡി വൈ എസ് പി മനോജ് വി വി ,ബേക്കൽ എസ്എച്ച്ഒ ഡോ അപർണ ഒ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ ഷൈൻ കെ പി, സബ് ഇൻസ്‌പെക്ടർ സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടിയത്.
إرسال تعليق