കണ്ണൂര്‍: പികെ ശ്രീമതി ടീച്ചര്‍ക്ക് പാര്‍ട്ടിയിൽ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് ടീച്ചര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അത്തരമൊരു കാര്യം നടന്നിട്ടില്ലെന്നും സിപിഎം നേതാവ് കെകെ ശൈലജ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും ആര്‍ക്കും വിരമിക്കലില്ലെന്നും സജീവമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് പികെ ശ്രീമതിയെന്ന് കെകെ ശൈലജ പറഞ്ഞു. യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് ശ്രീമതി ടീച്ചർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ആളുകളെ ഉൾക്കൊള്ളിക്കാനാണ് പ്രായപരിധി നിശ്ചയിച്ചത്. സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ല. എന്നാൽ ഒരു സെക്രട്ടറിയേറ്റ് അംഗം പ്രവർത്തിക്കുന്നത് പോലെ ടീച്ചർക്ക് പ്രവർത്തിക്കാനാവില്ല. ശ്രീമതി ടീച്ചർ കേന്ദ്രത്തിലാണ് പ്രവർത്തിക്കേണ്ടതെന്ന് പാർട്ടി തീരുമാനമാണ്.
75 വയസ് കഴിഞ്ഞവര്‍ പാര്‍ട്ടി കമ്മിറ്റികളിൽ നിന്ന് ഒഴിവാകുന്ന രീതി ഇപ്പോള്‍ പാര്‍ട്ടിയിലുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും പ്രായപരിധി കാരണം ശ്രീമതി ടീച്ചര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ടീച്ചര്‍ മാത്രമല്ല ഇത്തരത്തിൽ മാറി നിൽക്കുന്നത്. പുതിയ ആളുകള്‍ക്ക് കമ്മിറ്റിയിൽ വരാൻ വേണ്ടിയാണിത്. ഇത്തരത്തിൽ ഒഴിവാക്കപ്പെട്ട എകെ ബാലനടക്കമുള്ളവര്‍ ഇപ്പോഴും സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
സിപിഎമ്മിൽ റിട്ടയര്‍മെന്‍റില്ല. പുതിയ ആളുകളെ ഉള്‍കൊള്ളിക്കുന്നതിനായാണ് പ്രായപരിധി വെക്കുന്നത്. പികെ ശ്രീമതി ടീച്ചര്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ പ്രസിഡന്‍റാണ്. ആ നിലക്ക് ഇന്ത്യയിലുടെ എല്ലാഭാഗത്തും സഞ്ചരിച്ച് മഹിളാ അസോസിയേഷന്‍റെ പ്രവര്‍ത്തനത്തിൽ നേതൃപരമായ ഇടപെടൽ നടത്തേണ്ടതുണ്ട്. അതിനാലാണ് കേന്ദ്ര കമ്മിറ്റി അംഗമായി നിശ്ചയിച്ചതെന്നും കെകെ ശൈലജ പറഞ്ഞു.
إرسال تعليق