Join News @ Iritty Whats App Group

സുപ്രീം കോടതിയില്‍ നിന്ന് വളരെ കാലത്തിന് ശേഷം പ്രതീക്ഷയുണ്ടാക്കുന്ന ഒരു നിരീക്ഷണവും വിധിയും; രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവര്‍ണര്‍ക്കെന്ന് എംഎ ബേബി


ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട രഷ്ട്രപതിക്കില്ലാത്ത അധികാരം എങ്ങനെയാണ് ഗവര്‍ണര്‍മാര്‍ കാണിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വളരെ കാലത്തിന് ശേഷം പ്രതീക്ഷയുണ്ടാക്കുന്ന ഒരു നിരീക്ഷണവും വിധിയുമാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്. ഗവര്‍ണര്‍മാര്‍ സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങളെ അനന്തമായി വെച്ചുതാമസിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒട്ടും യോജിക്കുന്നതല്ല. വിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവര്‍ണര്‍മാര്‍ക്കും ഉണ്ടാകേണ്ടത്. സുപ്രീം കോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണെന്നും എം എ ബേബി പറഞ്ഞു.

ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമം പോലും ഒരു ഗവര്‍ണറെ പിരിച്ചുവിടുന്ന കാര്യത്തില്‍ ആവശ്യമില്ല. രണ്ടേരണ്ടു പേര്‍ വിചാരിച്ചാല്‍ തീരുന്നതാണ് ഗവര്‍ണറുടെ അധികാരം. ആഭ്യന്തരമന്ത്രിയോ പ്രധാനമന്ത്രിയോ തീരുമാനിച്ചാല്‍ മതി. ഇത്തരം കാര്യങ്ങള്‍ ജനങ്ങളോട് വിളിച്ചുപറയിക്കാനുള്ള സാഹചര്യം ഗവര്‍ണര്‍മാര്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭ പാസാക്കിയ ബില്ലുകളിന്മേല്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിയമനിര്‍മ്മാണത്തിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാര്‍ എങ്ങനെ തീരുമാനിക്കുമെന്നും ?ഗവര്‍ണര്‍ ചോദിച്ചു. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വിമര്‍ശനം. ഗവര്‍ണര്‍ക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറയുന്നു. ഭേദഗതിക്കുള്ള അവകാശം പാര്‍ലമെന്റിനാണെന്നും ഭരണഘടനാ വിഷയം രണ്ട് ജഡ്ജിമാര്‍ എങ്ങനെ തീരുമാനിക്കുമെന്നും ഗവര്‍ണര്‍ ചോദിക്കുന്നു. അതേസമയം വിഷയം ഭരണഘടന ബെഞ്ചിന് വിടണമായിരുന്നുവെന്നും സമയപരിധി നിശ്ചയിക്കേണ്ടത് ഭരണഘടന ഭേദഗതിയിലൂടെയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

അതേസമയം കോടതികള്‍ ഭരണഘടനാ ഭേദഗതി ചെയ്താല്‍ നിയമനിര്‍മ്മാണ സഭ പിന്നെ എന്തിനാണെന്നും ഗവര്‍ണര്‍ ചോദിച്ചു. ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്നത് തനിക്ക് മനസ്സിലാകുമെന്നും പക്ഷേ അത് പാര്‍ലമെന്റ് തീരുമാനിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വ്യത്യസ്ത കോടതികളിലായി വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യല്‍ കേസുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കെട്ടിക്കിടക്കുന്നു. ഇതിന് ചില കാരണങ്ങളുണ്ടാകണം. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ചില കാരണങ്ങളുണ്ടെങ്കില്‍, ഗവര്‍ണര്‍ക്കും ചില കാരണങ്ങളുണ്ടാകാം എന്നും അത് അംഗീകരിക്കണമെന്നും ?ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group