ദില്ലി; രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവില്‍
നിയമ യുദ്ധത്തിന് കേന്ദ്ര സര്‍ക്കാര്‍. ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുന പരിശോധന ഹര്‍ജി നല്‍കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹര്‍ജി നല്‍കാനുള്ള നീക്കങ്ങള്‍ തുടങ്ങി.
സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബഞ്ചിന് മുന്‍പാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കുക.ഗവര്‍ണര്‍മാര്‍ സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതിനെതിരെ കര്‍ശന താക്കീതാണ് ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബഞ്ച് നല്‍കിയത്. ഗവര്‍ണര്‍മാര്‍ക്ക് മുന്നിലെത്തുന്ന ബില്ലുകളില്‍ ഒരു മാസം മുതല്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സര്‍ക്കാരിയ കമ്മീഷനിലും പൂഞ്ചി കമ്മീഷനിലും സമയപരിധിക്ക് നിര്‍ദ്ദേശമുണ്ടെന്ന് സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടുന്നു. തന്റെ പരിഗണനയ്ക്ക് വരുന്ന ബില്ലുകള്‍ ഒന്നുകില്‍ അംഗീകരിക്കാനോ അല്ലെങ്കില്‍ അംഗീകാരം നല്കുന്നില്ലെന്ന് വ്യക്തമായ കാരണങ്ങളോടെ സംസ്ഥാനങ്ങളെ അറിയിക്കാനോ മൂന്നു മാസത്തെ സമയപരിധി രാഷ്ട്രപതിക്കും ഉത്തരവ് മുന്നോട്ടു വയ്ക്കുന്നു. പല സംസ്ഥാനങ്ങളിലെയും ബില്ലുകളെ കോടതി വിധി ബാധിക്കുമെന്നിരിക്കെയാണ് കേന്ദ്രം തുടര്‍നിയമനടപടിക്ക് നീങ്ങുന്നത്.
Post a Comment