Join News @ Iritty Whats App Group

ഇന്‍സ്റ്റയും വാട്ട്സാപ്പും വിൽക്കേണ്ടിവരുമോ? സക്കർബർഗിന് അതിനിർണായകം വിശ്വാസ വഞ്ചനാ കേസിലെ വിചാരണ തുടരുന്നു



ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയ്ക്കെതിരെയുള്ള അമേരിക്കൻ സര്‍ക്കാരിന്‍റെ വിശ്വാസ വഞ്ചനാ കേസില്‍ വിചാരണ തുടങ്ങിയതോടെ സക്കർബർഗിന് ഇനി നിർണായക ദിവസങ്ങൾ. കോടതിയിൽ ഇന്ന് വാദത്തിനെത്തിയ സക്കർബർഗ് തനിക്കും കമ്പനിക്കുമെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ശ്രമിച്ചത്. ഇൻസ്റ്റാഗ്രാമും വാട്ട്‌സാപ്പും മെറ്റ കമ്പനി വാങ്ങിയത് വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യാനല്ലെന്നായിരുന്നു സക്കർബർഗ് വാദിച്ചത്. ഈ കമ്പനികളെ മെറ്റ ഏറ്റെടുത്തത് കമ്പനിയുടെ നവീകരണവും ഉപയോക്തൃ അനുഭവം വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും വാദിച്ചു.

അതേസമയം ഒരു ടെക് കമ്പനിക്കെതിരായ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ വഞ്ചന നടപടികളിൽ ഒന്നാണ് അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷനിൽ സക്കർബർഗ് നേരിടുന്നത്. ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് വിചാരണ. ഇന്‍സ്റ്റഗ്രാമും വാട്സ് ആപ്പും വാങ്ങുന്നതിനു വേണ്ടി വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തു എന്നാണ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍റെ മെറ്റയ്ക്കെതിരായ ആരോപണം. മെറ്റ ഏറ്റെടുത്തതിന് ശേഷം ഇന്‍സ്റ്റഗ്രാമിനും വാട്സ് ആപ്പിനും വലിയ രീതിയിലുള്ള വളര്‍ച്ച ഉണ്ടായിട്ടുണ്ട്.


വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതിയില്‍ ആണ് വിചാരണ പുരോഗമിക്കുന്നത്. ജഡ്ജ് ജെയിംസ് ബോസ്ബെർഗാണ് കേസില്‍ വാദം കേള്‍ക്കുന്നത്. മെറ്റ 2012 ല്‍ ഇന്‍സ്റ്റഗ്രാം ഏറ്റെടുത്തതും രണ്ടുവര്‍ഷത്തിന് ശേഷം വാട്സ് ആപ്പ് ഏറ്റെടുത്തതും സോഷ്യല്‍ മീഡിയ കുത്തക കയ്യടക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് എന്നാണ് ആരോപണം. എതിരാളികളെ പൂര്‍ണമായി വാങ്ങുകയോ അല്ലെങ്കില്‍ ഇല്ലാതാക്കുകയോ ചെയ്യുകയായിരുന്നു മെറ്റയുടെ നയം, വിശ്വാസ വഞ്ചനയുടെ ഗണത്തിലുള്ളതാണെന്നാണ് ആരോപണം. കേസ് പരാജയപ്പെട്ടാൽ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റഗ്രാമും വാട്സാപ്പും വിൽക്കേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group