മലപ്പുറത്ത് ബൈക്ക് യാത്രികനെ പുലി ആക്രമിച്ചു. മമ്പാട് നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം. മുഹമ്മദാലി ബൈക്കില്‍ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു. പുലി കടിക്കാന്‍ ശ്രമിച്ചെങ്കിലും ബൈക്കിനടിയില്‍ പെട്ടുപോയ മുഹമ്മദാലി കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
പുലിയുടെ നഖം കാലില്‍ കൊണ്ടാണ് പരിക്കേറ്റത്. പിന്നാലെ പുലി കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞു. പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതു കാലിലാണ് പുലിയുടെ നഖം കൊണ്ട് പരിക്കേറ്റത്. സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്ത് പോയപ്പോഴാണ് സംഭവം.
വനത്തോട് ചേര്‍ന്ന പ്രദേശമാണ് മമ്പാട്. ഇവിടെ പലപ്പോഴും പുലിയെ കണ്ടിട്ടുണ്ട്. വീടുകളിലെ ക്യാമറകളിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. രണ്ടുദിവസം മുമ്പും ഇവിടെ പുലിയെ കണ്ടിരുന്നു. എങ്കിലും പ്രദേശത്ത് പുലിയുടെ ആക്രമണം ആദ്യ സംഭവമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മുഹമ്മദലിക്കുനേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് നാട്ടുകാരും വനം വകുപ്പ് അധികൃതരും ചേര്‍ന്ന് പുലിക്കായി തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പുലി അക്രമാസക്തനായതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്.
Post a Comment