ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ വിദേശവനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ വെള്ളത്തിൽ വീണ മഹാരാഷ്ട്ര സ്വദേശിയെ രക്ഷിച്ചത് യുഎസ് പൗരൻ. ഡാനിയൽ പിറ്റസ് എന്ന അമേരിക്കൻ പൗരൻ പങ്കജ് അമൃത് റാവു പാട്ടിൽ എന്ന മഹാരാഷ്ട്ര സ്വദേശിയെ കയ്യിൽ പിടിച്ച് കരയിലേക്ക് നീന്തുകയായിരുന്നു.
പിന്നീട് ഡാനിയൽ ഒഡിഷ സ്വദേശിയായ ബിബാഷിനെ രക്ഷിക്കാൻ പുഴയിലേക്ക് ഇറങ്ങി നോക്കി. എന്നാൽ, ബിബാഷ് ഒഴുക്കിൽ അപ്രത്യക്ഷനായിരുന്നു. എഴുന്നേൽക്കാൻ വയ്യാതെ കുറേ നേരം കരയിൽ കിടന്നെന്നാണ് ഇരുവരുടെയും മൊഴി. പിന്നീട് എഴുന്നേറ്റ് കരയിലേക്ക് ചെന്നപ്പോൾ കണ്ടത് ഭയന്ന് കരഞ്ഞ് ഇരിക്കുന്ന യുവതികളെയാണ്. ബിബാഷിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. അതേസമയം, കൂട്ടബലാത്സംഗത്തിന് ഇരയായ യുവതികളുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇവർക്ക് കൗൺസിലിംഗ് നൽകുന്നുണ്ട്. വിഷയത്തില്‍ ഇസ്രായേലി എംബസി ഇടപെട്ടിട്ടുണ്ട്. യുവതിക്ക് സഹായവുമായി എംബസി ഉദ്യോഗസ്ഥർ എത്തി. കേസിലെ മൂന്നാമത്തെ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. ഗംഗാവതി സ്വദേശിയായ നിർമ്മാണത്തൊഴിലാളിയാണ് കേസിലെ മൂന്നാം പ്രതി. ഗംഗാവതി സായ് നഗർ സ്വദേശികളായ സായ് മല്ലു, ചേതൻ സായ് എന്നിവരെ ഇന്ന് കൊപ്പൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മൂന്നാമന് വേണ്ടി തെരച്ചിൽ നടത്തുന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തതായും കൂടെയുള്ളവരെ ആക്രമിച്ചതായും പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന സനാപൂർ തടാകത്തിന് സമീപത്തുള്ള ദുർഗമ്മ ക്ഷേത്രത്തിന് മുന്നിലെ സിസിടിവികളിൽ നിന്നാണ് പൊലീസിന് നിർണായക തെളിവുകൾ കിട്ടിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന ഇരകളുടെ മൊഴികളും നിർണായകമായി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ കോടതി 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
Post a Comment