പാലക്കാട്: താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മുംബൈയിലെ ബ്യൂട്ടിപാർലറിന്‍റെ റോൾ അന്വേഷണ വിധേയമാക്കണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. അവിടെനിന്നും അറിഞ്ഞ കൃത്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. കസ്റ്റമറുടെ വീഡിയോ എടുത്ത് സൂക്ഷിച്ചു എന്നൊക്കെ പറയുന്നതിലുള്ള അവിശ്വസനീയത കൊണ്ടാണ് അന്വേഷിച്ചത്.
കൊവിഡിന് ഒന്നരവർഷം മുമ്പ് ഈ സ്ഥാപനത്തിനെതിരെ മുംബൈ പോലീസിന്‍റെ എന്തെങ്കിലും നടപടി വന്നിരുന്നോ എന്ന് അന്വേഷിക്കണം. എന്തുകൊണ്ടാണ് പേര് മാറ്റി ഈ സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിക്കേണ്ടി വന്നതെന്നും സന്ദീപ് ചോദ്യം ഉന്നയിച്ചു. പാലാരിവട്ടംകാരനായ ഒരാളുടെ സലൂൺ ആണിത്. അറിഞ്ഞ വിവരങ്ങൾ പൊലീസിന് നൽകാൻ തയാറാണ്. മാധ്യമങ്ങൾ ആരെയും അന്ധമായി വിശ്വസിക്കരുതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേർത്തു.
അതേസമയം, താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. താനൂരിൽ നിന്നും എത്തിയ പൊലീസ് സംഘത്തോടൊപ്പമാണ് പെണ്‍കുട്ടികള്‍ ട്രെയിനിൽ നാട്ടിലേക്ക് വരുന്നത്. തുടര്‍ന്ന് നാളെ വൈകിട്ടോടെ പെൺകുട്ടികളെ രക്ഷിതാക്കൾക്ക് അടുത്ത് എത്തിക്കാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. അതേസമയം ഇവർക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് ഏതെങ്കിലും തരത്തിൽ കുട്ടികൾക്ക് ഇത്തരത്തിലുള്ള യാത്രയ്ക്ക് പ്രേരണ നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
കുട്ടികള്‍ ഉല്ലാസത്തിന് വേണ്ടി മാത്രമാണ് മുബൈയിൽ വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനമെന്ന് എസ്ഐ സുജിത്ത് പറഞ്ഞു. വീട് വിട്ടിറങ്ങിയതിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയന്ന് കണ്ടെത്താൻ നിലവിൽ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും നാട്ടിലെത്തിയശേഷം വിശദമായി അന്വേഷിക്കുമെന്നും സുജിത്ത് പറഞ്ഞു. ഇവര്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. കേരളത്തിൽ എത്തിയശേഷമായിരിക്കും ഇത്തരം നടപടികളെന്നും എസ്ഐ പറഞ്ഞു
Post a Comment