ബെംഗളൂരു: ഐപിഎസ് ഓഫീസറുടെ മകളും നടിയുമായി രന്യ റാവു സ്വർണക്കടത്ത് കേസിൽ പിടിയിലായതിന് പിന്നാലെ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ നടപടികൾ പുനക്രമീകരിക്കാൻ തീരുമാനം. പ്രോട്ടോകോൾ പ്രകാരമുള്ള പരിരക്ഷ ഇനി ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ലഭിക്കില്ല. പ്രോട്ടോകോൾ പരിരക്ഷ സ്വർണക്കടത്തിനായി ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കർണാടക സർക്കാരിന്‍റെ തീരുമാനം.
യാത്ര ചെയ്യുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് മാത്രമേ സുരക്ഷ നൽകൂ എന്നും അവരുടെ കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ ഈ പരിരക്ഷ ഉണ്ടാകില്ലെന്നും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഉമാശങ്കർ എസ് ആർ പറഞ്ഞു. ഓഫീസർ എന്തെങ്കിലും ഭീഷണി നേരിടുന്ന ഘട്ടത്തിലാണെങ്കിൽ കുടുംബത്തിനും സുരക്ഷ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
സ്വർണ്ണക്കടത്ത് കേസിൽ രന്യ റാവുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രോട്ടോക്കോൾ ജീവനക്കാരനെ ഡിആർഐ വൃത്തങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു. വിമാനമിറങ്ങിയ ഡിജിപിയുടെ മകളെ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നെന്നും അവർ എന്താണ് കൊണ്ടുവരുന്നതെന്ന് സംബന്ധിച്ച് തനിക്ക് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും ജീവനക്കാരൻ മൊഴി നൽകി. തുടർന്ന് അദ്ദേഹത്തെ വിട്ടയച്ചു.
ശരീരത്തിൽ ഒളിപ്പിച്ച 12 കോടിയോളം വിലമതിക്കുന്ന സ്വർണക്കട്ടികളുമായാണ് ബെംഗളൂരു വിമാനത്താവളത്തിൽ രന്യ അറസ്റ്റിലായത്. പ്രോട്ടോകോൾ ദുരുപയോഗം ചെയ്ത് രന്യ പല തവണ സ്വർണം കടത്തിയെന്ന വിവരം പുറത്തുവരുന്നതിനിടെയാണ് കർണാടക സർക്കാർ സുരക്ഷ കർശനമാക്കിയത്.
Post a Comment